
ന്യൂഡൽഹി: ഇന്ത്യയിലെ 31 രാഷ്ട്രീയപാർട്ടികൾക്ക് 2016നും 2022നുമിടയിൽ ലഭിച്ച സംഭാവനകളിൽ 55 ശതമാനവും ഇലക്ട്റൽ ബോണ്ട് വഴിയാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ട്. 31ൽ ഏഴു ദേശീയപാർട്ടികളും 24 പ്രാദേശിക പാർട്ടികളുമുൾപ്പെടും. ഈ കാലയളവിൽ എല്ലാ പാർട്ടികൾക്കുമായി ലഭിച്ച തുക 16,437.63 കോടിയാണ്. ഇതിൽ ബിജെപി പുറത്തുവിട്ട കണക്കുകളനുസരിച്ച് മറ്റു പാർട്ടികൾ സ്വീകരിച്ച തുകയുടെ മൂന്നിരട്ടി ബിജെപിക്ക് ലഭിച്ചിട്ടുണ്ട്
20000 ൽ കൂടുതലുള്ള എല്ലാ സംഭാവനകളുടെയും വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കണമെന്നാണ് നിയമം. എന്നാൽ ഇലക്ട്റൽ ബോണ്ട് വഴി നൽകുന്ന പണത്തിനു പാർട്ടികൾ കണക്കു നൽകേണ്ടതില്ല . ഇലക്ട്റൽ ബോണ്ട് വഴി പണം സ്വീകരിച്ചതിൽ ഒന്നാം സ്ഥാനത്ത് ബിജെപിയാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ കോൺഗ്രസും തൃണമൂലുമുണ്ട്.
കഴിഞ്ഞ ആറുവർഷക്കാലയളവിൽ ബിജെപിക്ക് ലഭിച്ച സംഭാവനകളുടെ 52 ശതമാനവും ഇലക്ട്റല്‍ ബോണ്ടുകൾ വഴിയാണെന്ന വിവരങ്ങളാണ് ഇപ്പോൾ എഡിആർ റിപ്പോർട്ടിലൂടെ പുറത്ത് വരുന്നത്. ഇത് 5271.9751 കോടി രൂപ വരും. അതേ സമയത്ത് മറ്റെല്ലാ രാഷ്ട്രീയപാർട്ടികൾക്കും ഈ കാലയളവിൽ ലഭിച്ച തുക ഒരുമിച്ച് കൂട്ടിയാൽ 1783.9331 കോടി രൂപയോളമാണ്. കോൺഗ്രസിന് 952.2955 കോടിയും തൃണമൂൽ കോൺഗ്രസിന് 767.8876 കോടി രൂപയും ലഭിച്ചിട്ടുണ്ട്. കോൺഗ്രസിന് ലഭിച്ച സംഭാവനകളുടെ 61.54 ശതമാനമാണ് ഇലക്ടറൽ ബോണ്ടുകൾ വഴി വന്നത്. അതേസമയം തൃണമൂൽ കോൺഗ്രസിന് ലഭിച്ചതിന്റെ 93.27 ശതമാനവും ഇലക്ട്റൽ ബോണ്ട് വഴി വന്നതാണെന്നും എഡിആർ റിപ്പോർട്ട് പറയുന്നു.
ഇലക്ട്റൽ ബോണ്ട് രാഷ്ട്രീയമായ സംഭാവനകൾക്ക് മേൽ ഒരു മറ സൃഷ്ടിച്ചതായും, വാർഷിക റിപ്പോർട്ടിൽ പാർട്ടികൾ ഈ തുക തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ കാണിക്കേണ്ടതില്ല എന്നതുകൊണ്ട് വലിയ തോതിൽ കള്ളപ്പണം ഒഴുകാനുള്ള സാധ്യതയുണ്ടെന്നുമുള്ള വിമർശനങ്ങൾ നേരത്തെ ഉണ്ടായിരുന്നു.
2017-ൽ നിയമം നടപ്പിലാക്കുന്ന സമയത്തുതന്നെ, ഈ സംവിധാനം വലിയതോതിൽ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നതായി 2019 ൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
മുമ്പ് രാഷ്ട്രീയ പാർട്ടികൾക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ സാധിക്കില്ലായിരുന്നു. എന്നാൽ അത് ഇപ്പോൾ സാധിക്കുമെന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. വിദേശ നിക്ഷേപ നിയന്ത്രണ നിയമത്തിന്റെ ഭാഗമായാണ് ഇപ്പോൾ വിദേശ ഫണ്ട് സ്വീകരിക്കാം എന്ന ഇളവ് കൊണ്ടുവന്നത്.
രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകൾ എവിടെനിന്നാണെന്ന് വെളിപ്പെടുത്തില്ല എന്ന് പറയുമ്പോൾ അത് സാധാരണക്കാർക്ക് മുന്നിൽ വെളിപ്പെടുത്തില്ല എന്നേ പറയാൻ കഴിയു. സർക്കാരിന് എല്ലാ രാഷ്ട്രീയപാർട്ടികൾക്കും ലഭിക്കുന്ന തുകയുടെ വിവരങ്ങൾ ലഭിക്കുമെന്നും, അതിലൂടെ പ്രതിപക്ഷ പാർട്ടികൾക്ക് ഫണ്ട് നൽകുന്ന വ്യക്തികളെയോ സ്ഥാപനങ്ങളെയോ സർക്കാരിന് പിന്തിരിപ്പിക്കാനാകുമെന്നുമുള്ള വിമർശനം ഉയരുന്നുണ്ട്.
ഇലക്ടറൽ ബോണ്ടുകളിലുള്ള പ്രത്യേക കോഡുകൾ വഴി അത് നൽകിയത് ആരാണെന്ന് കണ്ടെത്തനാകുമെന്ന് ഹഫ്‌പോസ്റ്റ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. എസ്ബിഐ മാത്രമാണ് ബോണ്ടുകൾ നൽകുന്നത് എന്നതുകൊണ്ടുതന്നെ വളരെയെളുപ്പം ഈ കോഡുകൾ വച്ച് ആളുകളെ കണ്ടെത്തനാകുമെന്നാണ് ഹഫ്‌പോസ്റ്റ് ഇന്ത്യ പറയുന്നത്.
bjp got 3 times more donations than other parties in 7years