അഹമ്മദാബാദ്: ബിജെപി ഗുജറാത്ത് ജനറൽ സെക്രട്ടറി പ്രദീപ് സിൻഹ് വഗേല രാജിവെച്ചു. സംസ്ഥാന അദ്ധ്യക്ഷന്‍ സി ആര്‍ പട്ടീലിനെതിരെ വിമത നീക്കം ശക്തമാകുന്നു എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് രാജി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്തെ പ്രമുഖ നേതാവിന്റെ രാജി ബിജെപിക്ക് തിരിച്ചടിയായേക്കുമെന്നാണ് നിരീക്ഷണം.
‘കുറച്ച് ദിവസത്തിനകം എല്ലാം ശരിയാകും’ എന്ന പ്രസ്താവനയാടെയാണ് പ്രദീപ് സിൻഹ് വഗേല രാജി പ്രഖ്യാപിച്ചിരിക്കുന്നത്. സി ആര്‍ പട്ടീലിനെതിരായ വിമത നീക്കത്തില്‍ പങ്കാളിയാണെന്ന് സംശയിക്കപ്പെടുന്ന വഗേലയുടെ അടുത്ത നീക്കം അതുകൊണ്ടുതന്നെ നിർണ്ണായകമാകും.
വിവിധ പാർട്ടി നേതാക്കൾക്ക് വകുപ്പുകൾ വിഭജിച്ച് നൽകിയതിൽ അഴിമതി നടത്തിയെന്നാണ് ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി ആർ പാട്ടീലിനെതിരായ ആരോപണം.
സംസ്ഥാന അധ്യക്ഷനെതിരെ ആരോപണം ഉന്നയിച്ച ദക്ഷിണ ഗുജറാത്തില്‍ നിന്നുള്ള മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അപകീര്‍ത്തി പ്രചാരണം നടത്തിയെന്ന കുറ്റത്തിന് സൂറത്ത് ക്രൈംബ്രാഞ്ച് ഈ ആഴ്ച ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ചൌര്യസി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ സന്ദീപ് ദേശായിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. സമാനമായ കേസിൽ ജിനേന്ദ്ര ഷാ എന്ന വ്യക്തിയെയും സൂറത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ഗുജറാത്തില്‍ ബിജെപിക്ക് ആകെ നാല് ജനറല്‍ സെക്രട്ടറിമാരാണ് ഉണ്ടായിരുന്നത്. ഏപ്രിലില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ഭാര്‍ഗവ് ഭട്ടിനെ പദവിയില്‍ നിന്നും ഹൈക്കമാന്‍ഡ് ഒഴിവാക്കിയിരുന്നു. പിന്നീട് ആ ചുമതലയിലേക്ക് ആരെയും നിയോഗിച്ചിട്ടില്ല. വഗേല കൂടി രാജി വയ്ക്കുന്നതോടെ ഇനി രണ്ടുപേര്‍ മാത്രമായിരിക്കും സംസ്ഥാനത്ത് ജനറല്‍ സെക്രട്ടറി ചുമതലയിലുണ്ടാവുക.
ഗാന്ധിനഗറിലെ ബിജെപിയുടെ സംസ്ഥാന ആസ്ഥാനമായ ശ്രീ കമലത്തിന്റെ ചുമതലയുള്ള പ്രമുഖ നേതാവായിരുന്നു വഗേല. 2016 ഓഗസ്റ്റ് 10-നാണ് വഗേല സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. ഭാരതീയ ജനതാ യുവമോർച്ചയുടെ മുൻ പ്രസിഡന്റ് കൂടിയാണ് പ്രദീപ് സിംഗ് വഗേല.