
കോഴിക്കോട്: ക്രൈസ്തവ സഭാനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കോഴിക്കോട് ഇസ്രയേൽ അനുകൂല പരിപാടി നടത്താൻ ബിജെപി. സിപിഎമ്മും കോൺഗ്രസും അടക്കമുള്ളവർ കോഴിക്കോട്ട് പലസ്തീൻ അനുകൂല പരിപാടികൾ നടത്തുന്നതിനിടെയാണ് ബിജെപിയുടെ പുതിയ നീക്കം.
ഹമാസിനെതിരെ ബിജെപി നടത്തുന്ന ഭീകരവിരുദ്ധ സമ്മേളനം ഡിസംബർ രണ്ടാം തിയതി വൈകുന്നേരം മുതലക്കുളത്ത് വച്ചു നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും. ക്രിസ്ത്യൻ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞു.
അതിർത്തി കടന്നുള്ള ഹമാസിന്റെ ഭീകരപ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും സ്ത്രീകളും കുട്ടികളുമടക്കമുള്ള മറ്റുരാജ്യങ്ങളിലെ പൗരന്മാരെയും ഉൾപ്പെടെ ബന്ദികളാക്കുകയും കുട്ടികളെ വധിക്കുകയും ചെയ്യുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ലെന്നും സജീവൻ പറഞ്ഞു. അതുകൊണ്ട് ഇസ്രയേലിന്റേത് ചെറുത്തുനിൽപ്പാണെന്നും ഇന്ത്യയും യുഎസ്സുമടക്കമുള്ള മുൻനിര ജനാധിപത്യ രാജ്യങ്ങൾ ഈ കാരണങ്ങളാൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്നുവെന്നും സജീവൻ പറഞ്ഞു.















