
ഇംഫാല്‍: മണിപ്പൂരില്‍ കലാപം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു വ്യക്തമാക്കി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ രംഗത്ത്. കലാപം 150 ദിവസമായതിനു പിന്നാലെയാണ് സ്വന്തം സര്‍ക്കാരിനെതിരെ അതൃപ്തി വ്യക്തമാക്കി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ അടിയന്തരമായി ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് കത്തയച്ചു.
ക്രമസമാധാന പരിപാലനത്തില്‍ നിന്നു സംസ്ഥാന സര്‍ക്കാരിനെ മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മേല്‍ക്കൈ നല്‍കുന്ന തരത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, സുരക്ഷാ സേനകള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യക്ഷമമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും പാലയനം ചെയ്തവരെ തിരികെ എത്തിക്കുന്നതിലും അവര്‍ക്ക് നഷ്ടപ്പെട്ട വീടുകള്‍ ഉള്‍പ്പെടെയുള്ളവ പുനര്‍ നിര്‍മിച്ചു നല്‍കുന്നതിനും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
സംസ്ഥാന അധ്യക്ഷ ശാരദാ ദേവിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ എട്ട് പ്രമുഖ ഭാരവാഹികള്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. സര്‍ക്കാരിനെതിരെ വന്‍ തോതില്‍ ജനരോഷം ഉയരുന്ന സാഹചര്യം നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയുടെ സമാധന യോഗങ്ങള്‍ ചേരുന്നില്ലെന്നും തുടര്‍ നടപടികളും ഉണ്ടാകുന്നില്ലെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ നിരന്തരം പരാജയപ്പെടുന്നു. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാകുകയാണ്. ഇംഫാല്‍ ഈസ്റ്റിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ കുടുംബ വസതിയും ഇംഫാല്‍ വെസ്റ്റിലെ ബിജെപി എംഎല്‍എയുടെ വീടും ഒരേസമയം ആക്രമിക്കാന്‍ അക്രമാസക്തരായ ജനക്കൂട്ടം ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വന്തം സര്‍ക്കാരിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.














