
ന്യൂഡല്‍ഹി: ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന പുതിയ പാര്‍ലമെന്റില്‍ ഭരണകക്ഷിയായ ബിജെപി എംപിയുടെ ‘അണ്‍പാര്‍ലമെൻ്ററി പരാമര്‍ശങ്ങള്‍ വിവാദമാകുന്നു.
ബിഎസ് പി എംപി കുന്‍വര്‍ ഡാനിഷ് അലിക്കെതിരെ ബിജെപിയുടെ രമേഷ് ബിദുരി ലോക്സഭയില്‍ നടത്തിയ വാക് പ്രയോഗങ്ങളാണ് രാഷ്ട്രീയ കൊടുങ്കാറ്റായി മാറുന്നത്. ചന്ദ്രയാന്‍ വിജയത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ബിദുരി അങ്ങേയറ്റം അപകീര്‍ത്തികരവും വര്‍ഗീയവുമായ വാക്കുകള്‍ ഉപയോഗിച്ച് കുന്‍വര്‍ ഡാനിഷ് അലിയെ ആക്രമിച്ചത്. മുല്ലാ ഉഗ്രവാദി, ആതംഗവാദി,ഭത്വ,.. തുടങ്ങിയ ഹിന്ദി വാക്കുകള്‍ വാരിക്കോരി ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു.സ്പീക്കറുടെ കസേരയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയായരുന്നു. അദ്ദേഹം ബിദുരിയെ ശാസിക്കുകയും സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബിദുരിയുടെ പ്രസ്താവനയില്‍ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് ഡാനിഷ് അലി പരാതി നല്‍കി.
ഇയാളെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു. എന്നാല്‍ ഇയാളെ ശാസിക്കുകയല്ലാതെ മറ്റു നടപടികള്‍ക്ക് ബിജെപി മുതിര്‍ന്നിട്ടില്ല.
ബിദുരിയുടെ നടപടിയില്‍ പ്രതിരോധ മന്ത്രിയും മുതര്‍ന്ന ബിജെപി നേതാവുമായ രാജ് നാഥ് സിങ് മാപ്പ് ചോദിച്ചു. എന്നാല്‍ ഈ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മന്ത്രിമാരായ ഹര്‍ഷവര്‍ദ്ധനും രവിശങ്കര്‍ പ്രസാദും ചിരിച്ചെന്നും പരാതിയുണ്ട്. തെരുവിലെ വിദ്വേഷ പ്രസംഗങ്ങള്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ എത്തിയെന്ന് ഡാനിഷ് അലി പറഞ്ഞു.
ഡല്‍ഹിയിലെ തുഗ്ളക്കാബാദില്‍നിന്ന് വരുന്ന രമേഷ് ബിദുരി ഇതിനു മുമ്പും നാക്കിനെ കടിഞ്ഞാണിടാനാകാതെ പുലിവാല് പിടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രദേശത്ത് വളരെ പ്രശസ്തനും യുവാക്കളുടെ ആവേശവുമാണ് രമേശ് ബിദുരി . ഡല്‍ഹി നിയമസഭയില്‍ 3 തവണ എംഎല്‍എയായിരുന്നു ഇയാള്‍ .
സംഭവത്തെ കുറിച്ച് ചോദിച്ച പത്രപ്രവര്‍ത്തകരോട് . സഭയില്‍ പറഞ്ഞത് സഭയില്‍ കഴിഞ്ഞു. അതിനെ കുറിച്ച് പുറത്തിറങ്ങി സംസാരിക്കേണ്ട കാര്യമില്ല എന്നായിരുന്നു ബിദുരിയുടെ കമന്റ്.
BJP MP Ramesh Bidhuri uses communal remarks in Lok sabha













