
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനർഥികളുടെ ആദ്യപട്ടിക പുറത്തുവിട്ട് ബിജെപി. 52 പേരുടെ പട്ടികയാണ് ആദ്യം പുറത്തുവിട്ടിരിക്കുന്നത്.
ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ചേർന്ന യോഗമാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമർശത്തിന്റെ പേരിൽ സസ്‌പെൻഷനിലായിരുന്ന തെലങ്കാന എംഎൽഎ ടി രാജ സിങിനും പാർട്ടി ടിക്കറ്റ് നൽകി. ഞായറാഴ്ചയായിരുന്നു രാജാ സിങിന്റെ സസ്പെൻഷൻ ബിജെപി പിൻവലിച്ചത്. ഇദ്ദേഹം ഗോഷ്മഹൽ മണ്ഡലത്തിൽ നിന്നും മത്സരിക്കും.
സഞ്ജയ് കുമാർ ബന്ദി കരിംനഗർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ഹുസുറാബാദ്, ഗജ്‌വേൽ ഉൾപ്പെടെ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് രാജേന്ദർ എടാല മത്സരിക്കുന്നത്. തെലങ്കാന രാഷ്ട്ര സമിതിയുടെ (ഇപ്പോൾ ഭാരത് രാഷ്ട്ര സമിതി) മുൻ അംഗമായ എടാല, തന്റെ മുൻ പാർട്ടി മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെ ഗജ്‌വേലിൽ മത്സരിക്കും. പാർട്ടിയുടെ മുൻ തെലങ്കാന പ്രസിഡന്റ് സഞ്ജയ് കുമാർ ബന്ദി, ബാപ്പു റാവു സോയം, അരവിന്ദ് ധർമ്മപുരി എന്നിവരുൾപ്പെടെ മൂന്ന് സിറ്റിങ് എം.പിമാരാണ് ബി.ജെ.പി പട്ടികയിൽ ഉൾപ്പെട്ടത്. സോയം ബോത്തിൽ നിന്നു മത്സരിക്കുമ്പോൾ ധർമപുരി കോരുത്‌ല മണ്ഡലത്തിൽ നിന്നു മത്സരിക്കും.
ഒക്‌ടോബർ 15 ന് തെലങ്കാന തെരഞ്ഞെടുപ്പിനുള്ള 55 സ്ഥാനാർഥികളെ ഉൾപ്പെടുത്തി പ്രതിപക്ഷമായ കോൺഗ്രസ് ആദ്യ പട്ടിക പുറത്തിറക്കിയിരുന്നു. നവംബർ 30നാണ് തെലങ്കാന തെരഞ്ഞെടുപ്പ്. ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കും.