
ന്യൂഡൽഹി: രാജ്യത്ത് ഒരു സാമ്പാർ മുന്നണി സർക്കാരിന്‍റെ ആവശ്യമില്ലായെന്നും 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി തന്നെ അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾക്ക് മറ്റൊരു ബദലില്ലെന്നും മോദി പറഞ്ഞു.
ജനപിന്തുണയാണ് തന്റെ വിജയലക്ഷ്യം. മോദിയുടെ ഗ്യാരണ്ടികൾ വോട്ട് ഉന്നമിട്ടുള്ളതല്ല, രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കുള്ള ഉറപ്പാണത്. മോദി പിന്നോട്ട് പോകില്ലെന്ന് ജനത്തിനറിയാം. ഒരു തീരുമാനവും തന്‍റേത് മാത്രമല്ല, രാജ്യതാൽപര്യം മാത്രമാണ് പരിഗണനയെന്നും മോദി പറഞ്ഞു.
വിലപ്പെട്ട 30 വർഷമാണ് സഖ്യകക്ഷി സർക്കാരുകൾ കാരണം നഷ്ടമായത്. സഖ്യസർക്കാർ അധികാരത്തിൽ എത്തിയാൽ എന്ത് സംഭവിക്കുമെന്ന് ജനങ്ങൾക്ക് അറിയാമെന്നും മോദി പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവുമായി സഖ്യകക്ഷി സർക്കാരിന്റെ കാലത്ത് ഇവിടെയുണ്ടായത്.
കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലടക്കം ബിജെപി ശക്തമായ സാന്നിധ്യമാണ്. തെന്നിന്ത്യയിൽ ബിജെപിക്ക് നല്ല വളർച്ചയുണ്ടെന്നും മോദി പറഞ്ഞു. പുതുമുഖങ്ങളെ മുഖ്യമന്ത്രിമാരാക്കുന്നത് ബിജെപിയിൽ ആദ്യമല്ല. ഒരു ഭരണ പരിചയവുമില്ലാതെയാണ് താൻ ഗുജറാത്ത് മുഖ്യമന്ത്രിയായത്. മറ്റുള്ളതെല്ലാം കുടുംബ പാർട്ടികളായതിനാലാണ് ഇതൊരു പുതിയ ട്രെൻഡായി തോന്നുന്നതെന്നും മോദി പരിഹസിച്ചു.















