ന്യൂഡൽഹി: വ്യാഴാഴ്ച മുംബൈയിൽ ‘ഇന്ത്യാ’ സഖ്യത്തിന്റെ യോഗം നടക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബിജെപിയുടെ പോസ്റ്റ്. ഹോളിവുഡ് ചിത്രമായ ‘ടെർമിനേറ്ററി’ലെ കഥാപാത്രമായി പ്രധാനമന്ത്രിയെ ചിത്രീകരിക്കുന്ന പോസ്റ്റർ എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക പേജിലാണ് ബിജെപി പങ്കുവച്ചത്.
“2024! ഞാൻ മടങ്ങിവരും!’’ എന്നാണ് പോസ്റ്ററിലെ വാക്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമുണ്ട്. ‘പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷം കരുതുന്നു. സ്വപ്നം കണ്ടോളൂ! ടെർമിനേറ്റർ എപ്പോഴും വിജയിക്കും,” എന്ന അടിക്കുറിപ്പും പോസ്റ്ററിനു നൽകിയിരുന്നു.
2024 ലോക്സഭാ തിരഞ്ഞെടുപ്പു സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനു വ്യാഴം, വെള്ളി ദിവസങ്ങളിൽ ‘ഇന്ത്യ’ മുന്നണിയുടെ യോഗം മുംബൈയിൽ ചേരുന്നുണ്ട്. മുന്നണിയുടെ മൂന്നാമത്തെ യോഗമാണ് ഇത്. ഇതിനു മുൻപു പട്ന, ബെംഗളൂരു എന്നിവടങ്ങളിലായിരുന്നു യോഗം. 26 കക്ഷികൾ ഉൾപ്പെട്ട മുന്നണിയിലേക്ക് കൂടുതൽ പാർട്ടികൾ എത്തുമെന്നു സൂചനയുണ്ട്. മുന്നണിയുടെ ഔദ്യോഗിക ലോഗോയും വ്യാഴാഴ്ച പുറത്തിറക്കും.
അതേസമയം പോസ്റ്ററിനെ പരിഹസിച്ച് കോണ്‍ഗ്രസിന്റെ കേരള ഘടകം തിരിച്ചടിച്ചു. ‘ഹേ ബിജെപി ഐടി സെല്‍ മനുഷ്യന്റെ രൂപത്തിലെത്തിയ ഒരു യന്ത്രക്കൊലയാളിയാണ് മോദിയെന്ന് നിങ്ങളും സമ്മതിച്ചോ?’ എന്നായിരുന്നു ആ ട്വീറ്റ്.
Summary: BJP’s X post shows PM Modi as ‘The Terminator’ day before ‘INDIA’ meet