
ചണ്ഡീഗഡ്: ജലന്ധര്‍ ജില്ലയിലെ കാണ്‍പൂര്‍ ഗ്രാമത്തില്‍ നിന്ന് കാണാതായ സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികളുടെ വീടിനുള്ളില്‍ ഒരു ട്രങ്ക് ബോക്‌സിനകത്ത് നിന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തത്. നാലും ഏഴും ഒന്‍പതും വയസ്സുള്ളവരാണ് മരിച്ച കുട്ടികള്‍. ഞായറാഴ്ച രാത്രി കുട്ടികളെ കാണാനില്ലെന്ന് പരാതിയുമായി ഇവരുടെ പിതാവ് മക്സുദാന്‍ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.
ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ കുട്ടികളെ വീട്ടില്‍ കണ്ടില്ലെന്നാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. ദമ്പതികള്‍ക്ക് അഞ്ച് കുട്ടികളാണുള്ളത്. കാഞ്ചന, ശക്തി, അമൃത എന്നിവരാണ് മരിച്ചത്. മരണകാരണം കണ്ടെത്തുന്നതിനായി മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദമ്പതികള്‍ മക്കള്‍ക്കൊപ്പം വാടകവീട്ടിലാണ് കഴിയുന്നത്.
തിങ്കളാഴ്ച പെണ്‍കുട്ടികളുടെ പിതാവ് വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നതെന്ന് പോലീസ് പറഞ്ഞു. ട്രങ്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇതിന് ഭാരം തോന്നിയപ്പോള്‍ തുറന്നു നോക്കുകയായിരുന്നു. അതിനകത്ത് തന്റെ മൂന്നു കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പിതാവ് പോലീസിനോട് പറഞ്ഞു. അതേസമയം പിതാവിന്റെ മദ്യപാന ശീലത്തെത്തുടര്‍ന്ന് വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമ ഇവര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു.