ഇത്തവണയും പതിവ് തെറ്റിക്കാതെ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് ബോളിവുഡ് താരവും പാതി മലയാളിയുമായ മലൈക അറോറ. സഹോദരി അമൃത അറോറയ്‌ക്കും മാതാവ് ജോയ്സ് അറോറയ്‌ക്കും അടുത്ത ബന്ധുക്കൾക്കുമൊപ്പമാണ് താരം ഓണം ആഘോഷിച്ചത്.
എല്ലാ വർഷവും താരം തിരുവോണ നാളിൽ കുടുംബത്തോടൊപ്പം ഒരുമിച്ച് കൂടി ഓണം ആഘോഷിക്കാറുണ്ട്. മലൈകയുടെ അമ്മ ജോയിസ് മലയാളിയും പിതാവ് മുംബൈ സ്വദേശിയുമാണ്. താരം എത്ര തിരക്കിലാണെങ്കിലും തിരുവോണ നാളിൽ അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിക്കാൻ എത്താറുണ്ട്. നിരവധി ബോളിവുഡ് താരങ്ങളും മലൈക പങ്കുവച്ച ഓണ ചിത്രങ്ങൾക്ക് കമന്റുകളുമായി രംഗത്തെത്തി.
പ്രിയപ്പെട്ടവരുമൊത്തുള്ള ചിത്രങ്ങള്‍ മലൈക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചോറ്, പപ്പടം, ഓലന്‍, പച്ചടി, കിച്ചടി, അവിയല്‍, പരിപ്പുകറി, എരിശേരി, തോരന്‍, പായസം, ഉപ്പേരി, ചിപ്സ് തുടങ്ങി പല വിഭവങ്ങളും മലൈകയുടെ ഓണസദ്യയിലും കാണാം. സഹോദരി അമൃത അറോറയ്ക്കും അമ്മ ജോയ്‌സ് അറോറയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഹാപ്പി ഓണം എന്നും താരം കുറിച്ചു. അമ്മയാണ് ലോകത്തിലെ ഏറ്റവും മികച്ച കുക്കെന്നും താരം കുറിച്ചിട്ടുണ്ട്.