സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽനടന്ന ഫാഷൻ റേയ്‌സ്-വിൻ യുവർ പാഷൻ ഡിസൈനർ ഷോയിൽ പങ്കെടുക്കാനെത്തിയ ബോളിവുഡ് താരം സണ്ണി ലിയോൺ ആരാധകരെ ആവേശക്കൊടുമുടിയിൽ എത്തിച്ചു. കസവുസാരിയണിഞ്ഞ്, മുല്ലപ്പൂ ചൂടി, മലയാളത്തിൽ തന്നെ ഓണാശംസകളുമായാണ് സണ്ണി ലിയോൺ വേദിയിലെത്തിയത്.
ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം റാംപ് വാക്ക് നടത്തിയ സണ്ണി ലിയോൺ കുട്ടികൾ ഓരോരുത്തരോടും സംസാരിച്ചു. വൻ സുരക്ഷാസംവിധാനമൊരുക്കിയാണ് സണ്ണി ലിയോണിനെ വേദിയിലെത്തിച്ചതെങ്കിലും ഷോയിൽ പങ്കെടുക്കാനെത്തിയവരുടെയും ആരാധകരുടെയും ആവേശത്തള്ളിച്ചയിൽ കാര്യങ്ങൾ പിടിവിട്ടു. ഒടുവിൽ ഓഡിറ്റോറിയത്തിലെ വെളിച്ചമണച്ച് സ്റ്റേജിനടുത്ത് കാറെത്തിച്ചാണ് സണ്ണി ലിയോണിനെ പുറത്തെത്തിച്ചത്.
ഷോയിൽ പങ്കെടുക്കാനെത്തിയവർക്ക് നൽകിയ വസ്ത്രങ്ങൾക്ക് ഗുണനിലവാരമില്ലെന്നാരോപിച്ച് പരിപാടിക്കിടെ ശനിയാഴ്ചയുണ്ടായ വാക്കേറ്റം സംഘർഷത്തിലെത്തിയിരുന്നു. ഒടുവിൽ പൊലീസ് സ്ഥലത്തെത്തി ഫാഷൻ ഷോ നിർത്തിവെപ്പിക്കുകയും പ്രധാന നടത്തിപ്പുകാരനായ പ്രശോഭ് കൈലാസ് പ്രൊഡക്‌ഷൻ ഹൗസ് ഉടമ പ്രശോഭ് രാജിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പിന്നീട്, പൊലീസ് മുന്നോട്ടുവെച്ച നിബന്ധനകൾ പാലിച്ച് പരിപാടി നടത്താൻ സംഘാടകർ തയ്യാറായതോടെയാണ് അനുമതി നൽകിയത്. എക്സ്പ്രഷൻസ് മീഡിയയും പ്രശോഭ് കൈലാസ് പ്രൊഡക്‌ഷൻ ഹൗസും ചേർന്നാണ് ഷോ നടത്തിയത്.