ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും അധികാര തിമിരം

എസ്. ജഗദീഷ് ബാബു

ജനാധിപത്യത്തിന്റെ അവസാനവാക്ക് ജനങ്ങളാണ്. ഈ ജനങ്ങളെയാണ് മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്യമായി അപമാനിക്കുന്നത്.

ഭരണഘടനയ്ക്കുമുന്നില്‍ എല്ലാവരും തുല്യരാണ്. മുഖ്യമന്ത്രിയായാലും ഗവര്‍ണറായാലും ഈ യാഥാര്‍ത്ഥ്യം വിസ്മരിക്കാന്‍ പാടില്ല. ഭരണഘടനാ മൂല്യങ്ങളെ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്ന അവസ്ഥയാണ് കുറേ ദിവസങ്ങളായി കേരളത്തില്‍ കാണുന്നത്. തിണ്ണബലത്തിന്റെ കാര്യത്തില്‍ ആരാണ് മുന്നില്‍ ?എന്ന കാര്യത്തിലാണ് മുഖ്യമന്ത്രി പിണറായിക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംശയം. ഭരണത്തലവനായ ഗവര്‍ണറാണോ, മുഖ്യമന്ത്രിയാണോ അധികാരത്തിന്റെ അവസാനവാക്ക് എന്ന് അവര്‍ പരസ്പരം തര്‍ക്കിക്കുകയാണ്. ഇതെല്ലാം കാണാനും അനുഭവിക്കാനും വിധിക്കപ്പെട്ട ജനങ്ങളുടെ മുന്നില്‍ ഇരുവരും നഗ്നരാണ്.

നവകേരള യാത്ര തുടങ്ങിയതുമുതല്‍ ഗുണ്ടകളെപ്പോലെ പൊലീസ് പ്രതിഷേധക്കാരെ നേരിടുന്ന കാഴ്ചയാണ് കേരളത്തിലുടനീളം. മന്ത്രിസഭ സഞ്ചരിക്കുന്ന ബസിനുനേരെ കരിങ്കൊടി കാണിക്കുന്ന കെ.എസ്.യു കാരെയും യൂത്ത് കോണ്‍ഗ്രസുകാരെയും മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഭടന്മാരും ഡി.വൈ.എഫ്.ഐക്കാരും പരക്കെ ആക്രമിച്ചു. രണ്ടു കാലുമില്ലാത്ത കെ.പിസിസി സെക്രട്ടറി ഇരുചക്ര വാഹനത്തിലിരുന്ന് കരിങ്കൊടി കാട്ടിയപ്പോള്‍ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. അവിടെ പാഞ്ഞെത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ ആ വികലാംഗനെപ്പോലും ചവിട്ടി.

നവകേരള യാത്ര കാസര്‍കോട് നിന്നും പുറപ്പെട്ടപ്പോള്‍ തുടക്കം ശാന്തമായിരുന്നു. യാത്ര കണ്ണൂരിലേക്ക് കടന്നപ്പോഴാണ് കെ.എസ്.യുക്കാരെ കരുതല്‍ തടങ്കലില്‍ അടച്ചത്. പ്രതിഷേധിക്കാതിരുന്ന പ്രതിപക്ഷത്തിന് കിട്ടിയ വടിയായിരുന്നു ആ സംഭവം. കരുതല്‍ തടങ്കലിലെ പ്രവര്‍ത്തകരെ വിട്ടയയ്ക്കാതിരുന്നപ്പോഴാണ് കെ.എസ്.യുക്കാര്‍ കണ്ണൂരില്‍ കരിങ്കൊടി കാണിച്ചത്. അവരെ ഡി.വൈ.എഫ്.ഐക്കാര്‍ ചെടിച്ചട്ടികൊണ്ട് തലയ്ക്കടിക്കുന്ന ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ടതാണ്. എന്നാല്‍ ബസിനു മുന്നില്‍ ചാടാന്‍ ശ്രമിച്ചവരുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനമാണ് ഡി.വൈ.എഫ്.ഐ നടത്തിയതെന്നും അത് തുടരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. അതോടെയാണ് യാത്ര കടന്നുവന്ന വഴികളിലെല്ലാം പ്രതിഷേധിച്ചവരെ ഡി.വൈ.എഫ്.ഐക്കാരും പൊലീസും ക്രൂരമായി മര്‍ദ്ദിച്ചത്.

ഏറ്റവും ഒടുവില്‍ ആലപ്പുഴയില്‍ വെച്ച് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ തന്നെ വലിയ വടിയുമായി എസ്‌കോര്‍ട്ട് വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് കെ.എസ്.യു പ്രവര്‍ത്തകരെ തലയ്ക്കടിക്കുന്ന രംഗം കേരളം ഞെട്ടലോടെയാണ് കണ്ടത്. എന്നിട്ടും താന്‍ അത് കണ്ടില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇതേ പൊലീസ് തന്നെയാണ് ഗവര്‍ണറുടെ വാഹനത്തില്‍ അടിച്ച എസ്.എഫ്.ഐക്കാരെ പോലും സ്‌നേഹത്തോടെ കൈകാര്യം ചെയ്തത്. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറെ ഒരു സര്‍വ്വകലാശാലയിലും കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ നേതാവ് ആര്‍ഷോയുടെ വെല്ലുവിളിയാണ് ഗവര്‍ണറെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. പഴയ രാഷ്ട്രീയക്കാരനും കേന്ദ്രമന്ത്രിയുമായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിലെ താമസം ഉപേക്ഷിച്ച് സര്‍വ്വകലാശാല ഗസ്റ്റ് ഹൗസില്‍ തമ്പടിച്ചാണ് എസ്.എഫ്.ഐക്കാരെ വെല്ലുവിളിച്ചത്. വന്‍ സുരക്ഷയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നൂറു കണക്കിന് പോലീസുകാരുടെ അകമ്പടിയില്‍ സഞ്ചരിക്കുമ്പോഴാണ് ജന നിബിഡമായ മിഠായി തെരുവിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇറങ്ങി നടന്നത്. ഹല്‍വാ കടയില്‍ കയറി ഹല്‍വ കഴിച്ചു. ചുറ്റും കൂടിയ ചെറിയ കുട്ടികളെ ഇരുകൈകളും കൊണ്ട് ഒക്കത്തെടുത്തു. ഹല്‍വാ കടയിലെ ജീവനക്കാര്‍ക്കും ചുറ്റും കൂടിയവര്‍ക്കും ഉമ്മ കൊടുക്കാന്‍ പോലും ഗവര്‍ണര്‍ മടിച്ചില്ല.

ഇസഡ് കാറ്റഗറിയില്‍പ്പെട്ട ഒരു ഗവര്‍ണര്‍ രാജ്യത്ത് ഇതാദ്യമായിട്ടാണ് എല്ലാ വിലക്കും ലംഘിച്ച് ഒരു മണിക്കൂറോളം മിഠായി തെരുവില്‍ നടന്നത്. ജനങ്ങളിലേക്ക് മന്ത്രിസഭ ഇറങ്ങിച്ചെല്ലേണ്ടത് ഇത്തരത്തിലാകണമായിരുന്നു എന്ന് പറയാതെ പറയുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധവും ഗവര്‍ണര്‍ക്കെതിരെയുള്ള എസ്.എഫ്.ഐയുടെ പ്രതിഷേധവും പൊലീസ് കൈകാര്യം ചെയ്തത് രണ്ടു തരത്തിലാണ്. ആര്‍ഷോ ഉള്‍പ്പെടെയുള്ള എസ്.എഫ്.ഐ നേതാക്കളെ തലോടിയും കെട്ടിപ്പിടിച്ചും അറസ്റ്റ് ചെയ്ത പൊലീസ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ പട്ടിയെ തല്ലുന്നതുപോലെയാണ് നേരിട്ടത്. പൊലീസിനെ എല്ലാ അര്‍ത്ഥത്തിലും രാഷ്ട്രീയ വത്ക്കരിച്ചു എന്നതിന്റെ തെളിവാണ് ഈ വ്യത്യസ്ത ദൃശ്യങ്ങള്‍.

രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സവിശേഷ അധികാരങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് 356 ാം വകുപ്പ് അനുസരിച്ച് സര്‍ക്കാരുകളെ പിരിച്ചുവിടാനുള്ള അധികാരം. ക്രമസമാധാന നില തകര്‍ന്നാല്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കാം. ആ ഗവര്‍ണര്‍ക്കുനേരെ ഒരു കല്ലെങ്കിലും ഏതെങ്കിലും എസ്.എഫ്.ഐക്കാരന്‍ എറിഞ്ഞിരുന്നെങ്കില്‍ എന്താകും സ്ഥിതി. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ ഭരണം അങ്ങ് പോട്ടെ എന്ന മട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അത്തരമൊരു നടപടി ഉണ്ടായാല്‍ രക്തസാക്ഷി പരിവേഷവുമായി ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിനെ നേരിടാം. ഇപ്പോഴത്തെ അവസ്ഥയില്‍ ഭരണം തുടരുന്നതിനേക്കാള്‍ നല്ലത് ഒരു പിരിച്ചുവിടല്‍ രക്തസാക്ഷിത്വമാണ് എന്ന് ഇടതുപക്ഷം ചിന്തിക്കുന്നുണ്ടോ? അല്ലെങ്കില്‍, ഗവര്‍ണര്‍ക്കുനേരെ കുട്ടിക്കുരങ്ങന്മാരെപ്പോലെ എസ്.എഫ.ഐക്കാരെ കയറൂരി വിടുമായിരുന്നോ ?’ഷട്ട് യുവര്‍ ബ്ലഡി മൗത്ത്’എന്ന് ഗവര്‍ണറോട് പറയാന്‍ അറിയാത്തതല്ല എന്ന് ഗര്‍ജ്ജിച്ചത് വെറും മന്ത്രിയല്ല, മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ റിയാസാണ്.

ജനാധിപത്യത്തിന്റെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും. മുഖ്യമന്ത്രിയും മന്ത്രിമാരും ഓരോ ദിവസവും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. തല്ലാനാണ് പൊലീസ് എന്നു പറയുന്ന മന്ത്രി സജി ചെറിയാന്‍, നിയമം കയ്യിലെടുക്കുന്ന പൊലീസുകാരുടെ, ഡി.വൈ.എഫ്.ഐക്കാരുടെ അക്രമങ്ങള്‍ കണ്ടില്ലെന്ന് പച്ചക്കളം ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി. ആത്മഹത്യാ സ്‌ക്വാഡുകളായ കെ.എസ്.യുക്കാരുടെ ജീവന്‍ രക്ഷിക്കാനാണ് ഡി.വൈ.എഫ്.ഐക്കാര്‍ മര്‍ദ്ദിക്കുന്നതെന്ന് പറയുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞാ ലംഘനമല്ലേ നടത്തുന്നത് ?

ബാലറ്റിലൂടെ ലോകത്താദ്യമായി അധികാരമേറ്റ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം.എസ് നടത്തിയ കെ.എസ്.ആര്‍.ടിസി ബസിലെ യാത്രയുടെ വികൃത അനുകരണമാണ് പിണറായിയുടെ നവകേരള യാത്ര. ഇ.എം.എസ് നടത്തിയ ബസ് യാത്രയില്‍ ചീഫ് സെക്രട്ടറിയും ഒരു മന്ത്രിയും മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഇന്ന് കാണുന്ന കേരളത്തിന്റെ വികസന ചിത്രങ്ങള്‍ വരച്ചിട്ട ആ യാത്രയെക്കുറിച്ച് കൗമുദി ബാലകൃഷ്ണന്‍ എഴുതിയ ചരിത്രമെങ്കിലും നവകേരളക്കാര്‍ വായിക്കണം. ചരിത്രത്തിലാദ്യമല്ല ഒരു മുഖ്യമന്ത്രി ബസില്‍ കേരളത്തിലാകെ സഞ്ചരിക്കുന്നത്. ആ ചരിത്ര പുരുഷന്‍ സാക്ഷാല്‍ ഇ.എം.എസ് ആയിരുന്നു. ലോക ചരിത്രത്തിലാദ്യമാണ് ഇത്തരം യാത്ര എന്ന് അവകാശപ്പെടുന്ന പിണറായിക്ക് ഇ.എം.എസിനെ അറിയില്ലെന്നുണ്ടോ? ഇ.എം.എസിന് ശേഷം ജനകീയമായ മറ്റൊരു യാത്ര നടത്തിയ ഉമ്മന്‍ചാണ്ടി യാത്രയായപ്പോള്‍ കടല്‍പോലെ ഒഴുകിയെത്തിയ ജനസാഗരത്തെ വിസ്മരിക്കാനാകുമോ? ഇ.എം.എസില്‍ നിന്ന് പിണറായിയിലേക്കുള്ള ദൂരമാണ് ഈ നവകേരള യാത്ര. അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യവുമായി ഇ.എം.എസ് ജനകീയാസൂത്രണം എന്ന ചരിത്രം സൃഷ്ടിച്ചു. അധികാരം തന്നിലേക്ക് എന്നതാണ് പിണറായിയുടെ സന്ദേശം.

More Stories from this section

family-dental
witywide