പാര്‍ലമെന്റിലെ ചോദ്യത്തിന് പണം വാങ്ങിയെന്ന പരാതി; മഹുവ മൊയ്ത്ര ഇന്ന് എത്തിക്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകും

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ മോദിക്കും അദാനിക്കുമെതിരെ ചോദ്യം ചോദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്ന് ലോക്സഭാ എത്തിക്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകും. ലോക്‌സഭയില്‍ ബിജെപിക്കെതിരെയും അദാനിക്കെതിരെയും നിരന്തരമായി ചോദ്യങ്ങള്‍ ചോദിക്കുന്നതിന് വ്യവസായി ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് മൊയ്ത്രയ്‌ക്കെതിരായ ആരോപണം. ആരോപണത്തില്‍ മഹുവ മൊയ്ത്രയോട് നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് എത്തിക്സ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

പാര്‍ലമെന്ററി പ്രത്യേകാവകാശ ലംഘനം, സഭയെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെയാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍ ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ലെന്നും നിയമ നിര്‍വഹണ ഏജന്‍സിക്ക് മാത്രമേ ക്രിമിനല്‍ കുറ്റങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുള്ളൂവെന്നും ചൂണ്ടിക്കാട്ടി എത്തിക്‌സ് കമ്മിറ്റി ചെയര്‍മാനും ബിജെപി എംപിയുമായ വിനോദ് കുമാര്‍ സോങ്കറിന് മഹുവ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

പാര്‍ലമെന്ററി കമ്മറ്റികള്‍ക്ക് ക്രിമിനല്‍ അധികാരപരിധി ഇല്ലെന്ന് പറഞ്ഞ മഹുവ പാര്‍ലമെന്ററി എത്തിക്‌സ് കമ്മിറ്റി ഇരട്ടത്താപ്പു കാട്ടുകയാണെന്നും ആരോപിച്ചു. തനിക്കെതിരെ സത്യവാങ്മൂലം നല്‍കിയ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹിരാനന്ദാനിയെ വിസ്തരിക്കാന്‍ അനുവദിക്കണമെന്നും എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് കുമാര്‍ സോങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്ററി സമിതികള്‍ക്ക് ക്രിമിനല്‍ സ്വഭാവമുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അധികാരമില്ല. ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് സമിതി റിപ്പോര്‍ട്ട് വാങ്ങിയാല്‍ എതിര്‍ വാദത്തിനായി അതിന്റെ പകര്‍പ്പ് തനിക്കു നല്‍കണമെന്നും മഹുവ ആവശ്യപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide