ബ്രിക്സ് കൂട്ടായ്മയിലേക്ക് യുഎഇയും സൗദിയുമടക്കം ആറ് രാജ്യങ്ങള്‍കൂടി, പാക്കിസ്ഥാൻ വേണ്ടെന്ന് ഇന്ത്യ

ന്യൂഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലേക്ക് മുഴുവന്‍ സമയ അംഗങ്ങളാകാന്‍ ആറു രാജ്യങ്ങള്‍ക്ക് ക്ഷണം. സൗദി അറേബ്യ, യു.എ.ഇ., അര്‍ജന്റീന, ഇറാന്‍, എത്യോപ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ ബ്രിക്‌സിന്റെ ഭാഗമാകുമെന്ന് സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ അറിയിച്ചു. ബ്രിക്‌സ് വാര്‍ഷിക ഉച്ചകോടിയിലാണ് കൂട്ടായ്മ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുണ്ടായത്.

ബ്രിക്‌സിലേക്ക് രാജ്യങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. ആറു രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് ചരിത്രപരമായി അടുത്ത ബന്ധമുണ്ടെന്നും സഹകരണത്തിന്റെയും പുരോഗതിയുടേയും പുതിയ യുഗത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതിനിടെ ബ്രിക്‌സിന്റെ ഭാഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാൻ രംഗത്തെത്തി. പാക്കിസ്ഥാനെ ബ്രിക്‌സിലേക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉച്ചകോടിയില്‍ മുന്‍കൈയെടുക്കുകയും ചെയ്തു. കൂടുതല്‍ വികസ്വര രാജ്യങ്ങളെ ബ്രിക്‌സിന്റെ ഭാഗമാക്കുക വഴി കൂട്ടായ്മ ശക്തിപ്പെടുത്താനാകുമെന്നായിരുന്നു ചൈനയുടെ വാദം.

എന്നാല്‍ പാക്കിസ്ഥാനെ ബ്രിക്‌സിന്റെ ഭാഗമാക്കുന്നതില്‍ ഇന്ത്യ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. സഖ്യം മുന്നോട്ട് വെയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങളേയും മറ്റംഗങ്ങള്‍ തമ്മിലുള്ള സമവായത്തേയും അത് ദുര്‍ബലപ്പെടുത്തുമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

More Stories from this section

dental-431-x-127
witywide