ലണ്ടനിലെ സാരി വാക്കത്തോണിൽ ശ്രദ്ധനേടി കേരളം; കൈത്തറി സാരിയിൽ അണിഞ്ഞൊരുങ്ങി സ്ത്രീകൾ

ലണ്ടൻ: ദേശീയ കൈത്തറി ദിനാചരണത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് ഇന്ത്യൻ വംശജരായ സ്ത്രീകൾ ഞായറാഴ്ച സെൻട്രൽ ലണ്ടനിലെ തെരുവിലൂടെ നടത്തിയ വാക്കത്തോണിൽ ശ്രദ്ധേയ സാന്നിദ്ധ്യമായി കേരളം. കേരളത്തിൽ നിന്ന് നാൽപ്പതിൽ അധികം സ്ത്രീകളാണ് ഘോഷയാത്രയിൽ പങ്കെടുത്തത്.

‘ബ്രിട്ടീഷ് വിമൻ ഇൻ സാരീസ്’ സംഘടിപ്പിച്ച വാക്കത്തോണിൽ ഏകദേശം 700 ഓളം സ്ത്രീകളാണ് പങ്കെടുത്തത്. സാരിയുടുത്തൊരുങ്ങിയ സുന്ദരിമാർ ട്രാഫൽഗർ സ്‌ക്വയറിൽ നിന്ന് ഡൗണിങ് സ്ട്രീറ്റിന് സമീപമുള്ള വൈറ്റ്‌ഹാൾ വഴി പാർലമെന്റ് സ്‌ക്വയറിലുള്ള മഹാത്മാഗാന്ധി പ്രതിമയിലേക്ക് മാർച്ച് നടത്തി. കേരള ആർട്സ് ആൻഡ് ലിറ്റററി അസോസിയേഷൻ (കല) യുകെയിലെ ഡോ. ഹേമ സന്തോഷ് ഏകോപിപ്പിച്ച കേരള ഗ്രൂപ്പ് വാക്കത്തോണിൽ ശ്രദ്ധേയ സാന്നിധ്യമായി.

വനിതകൾ വാക്കത്തോണിലെ താരങ്ങളായപ്പോൾ, കല രക്ഷാധികാരി ഡോ. സുകുമാരൻ നായരുടെയും കല പ്രസിഡന്റ് ഡോ. കെ. നാണുവിന്റെയും നേതൃത്വത്തിലുള്ള കലയിലെ പുരുഷ അംഗങ്ങൾ പരമ്പരാഗത കസവുമുണ്ടും വസ്ത്രങ്ങളും അണിഞ്ഞാണ് സ്ത്രീകളെ പ്രോൽസാഹിപ്പിക്കാൻ എത്തിയത്.