മധ്യപ്രദേശിലും ബുൾഡോസർ യുഗം: ബിജെപി നേതാവിന്റെ കൈവെട്ടിയ കേസിലെ പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു

ഭോപ്പാല്‍: യുപിക്കു പിന്നാലെ മധ്യപ്രദേശിലും ബുൾഡോസർ യുഗം വന്നു. മധ്യപ്രദേശില്‍ ബിജെപി പ്രാദേശിക നേതാവ് ദേവേന്ദ്ര ഠാക്കൂറിന്റെ കൈവെട്ടിയ കേസിലെ പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് പ്രതിയുടെ വീട് തകര്‍ത്ത നടപടി. മധ്യപ്രദേശില്‍ മോഹന്‍ യാദവ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ബുള്‍ഡോസര്‍ രാജ് നടപടി കൂടി ആണിത്. ഭോപ്പാല്‍ കളക്ടറുടെ സാന്നിധ്യത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ത്തത്. പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ബിജെപി പ്രാദേശിക നേതാവ് ദേവേന്ദ്ര ഠാക്കൂറിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതിയാണ് മിന്നി എന്നു വിളിക്കുന്ന ഫറൂഖ് റെയ്ന. ഫറൂഖ് ഉള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് ദേവേന്ദ്ര ഠാക്കൂറിനെ ആക്രമിച്ചത്. ആക്രമണം തടയുന്നതിനായി കയ്യുയര്‍ത്തിയപ്പോഴാണ് പ്രതികള്‍ കൈ വെട്ടിയത്. കൈ വെട്ടിയതിനു പിന്നാലെ അഞ്ചംഗ സംഘം ഓടി രക്ഷപ്പെടുകയും ചെയ്തു. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന ദേവേന്ദ്ര ഠാക്കൂര്‍ അപകടനില തരണം ചെയ്തിരുന്നു.