കൊച്ചി: പർദ്ദ ധരിച്ചെത്തി ഇടപ്പള്ളി ലുലു മാളിലെ സ്ത്രീകളുടെ ശൗചാലയത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിലായി. കണ്ണൂർ കരിവെള്ളൂർ സ്വദേശി അഭിമന്യു എം.എ. (23) എന്നയാളെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354(C) (വോയറിസം) , 419 (ആൾമാറാട്ടം), ഇൻഫർമേഷൻ ടെക്നോളജി ആക്ട് 66(E) എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇൻഫോ പാർക്കിലെ ഒരു പ്രമുഖ ഐ.ടി. സ്ഥാപനത്തിലെ ജീവനക്കാരനാണ് അഭിമന്യു.
ചൊവ്വാഴ് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മാളിലെ ഒഴിഞ്ഞ സ്ഥലത്തുവെച്ച് കയ്യിൽ കരുതിയിരുന്ന പർദ്ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയിൽ കയറിയ ഇയാൾ മൊബൈൽ ഫോൺ ഒരു കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ചുവെച്ചതിനുശേഷം അതിൽ ദ്വാരം ഉണ്ടാക്കി ശൗചാലയത്തിന്റെ വാതിലിനോട് ചേർത്ത് ഒട്ടിച്ചു വെച്ചു. എന്നാൽ വാതിലിനു മുന്നിൽ നിന്നുള്ള അസ്വാഭാവിക പെരുമാറ്റം കണ്ട് സംശയം തോന്നിയ സ്ത്രീകൾ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് പർദ്ദ ധരിച്ചിരിക്കുന്നത് പുരുഷനാണെന്നും ഇയാൾ ശുചിമുറി ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നും മനസിലായത്.
പാലാരിവട്ടത്തുള്ള ഒരു തുണിക്കടയിൽ നിന്നാണ് ഇയാൾ പർദ്ദ വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. മൊബൈൽ ഫോണും ധരിച്ചിരുന്ന പർദ്ദയും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ മറ്റ് സ്ഥാപനങ്ങളിൽ ചെന്ന് ഇപ്രകാരം വീഡിയോ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.