
വടകരയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് ആര്‍ടിഒ. ഡ്രൈവറോട് ഡ്രൈവേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി റോഡ്‌സുരക്ഷാ ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും ആര്‍ടിഒ ആവശ്യപ്പെട്ടു. ഡിസംബര്‍ 25നാണ് സംഭവം നടന്നത്. കുടുംബമായി കാറില്‍ യാത്ര ചെയ്യുകയായിരുന്ന സാജിദ് എന്നയാളെയാണ് ഡ്രൈവര്‍ ലിനീഷ്, കണ്ടക്ടര്‍ ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.
ഇരിങ്ങല്‍ സ്വദേശി സാജിദിനെ ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സാജിദിന്റെ കുടുംബം മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പകര്‍ത്തുകയും തെളിവ് സഹിതം പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പൊലീസ് ഒരു ബസ് ജീവനക്കാരന്റെ പേരില്‍ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍ടിഒ ഡ്രൈവറെയും കണ്ടക്ടറെയും വിളിച്ചുവരുത്തുകയും ഹിയറിങ് നടത്തിയ ശേഷം ഇരുവരുടെയും ലൈസന്‍സ് ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തത്.