
കണ്ണൂർ: തലശേരിക്ക് സമീപം പുന്നോൽ പെട്ടിപ്പാലത്ത് വഴിയാത്രക്കാരനെ ഇടിച്ച സ്വകാര്യ ബസിൻ്റെ ഡ്രൈവർ പേടിച്ച് ഓടുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു. കെ. ജിജിത് (45) ആണ് മെമു ട്രെയിൻ തട്ടി മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറരയോടാണ് സംഭവം. വടകരയിൽ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് പെട്ടിപ്പാലത്ത് വച്ച് വഴിയാത്രക്കാരനായ മുനീറിനെ ഇടിച്ചു.
അപകടം നടന്ന ഉടനെ ആളുകൾ ഓടിക്കൂടി. ഇതുകണ്ട് പേടിച്ചോടിയ ജിജിത് റയിൽപ്പാളത്തിനരികിലൂടെ ഓടി. ഓടുന്ന ജിജിത്തിൻ്റെ പിന്നാലെ ആൾക്കൂട്ടത്തിലെ ചിലർ ഓടി ജിജിത്തിലെ പിടിച്ചു വയ്ക്കാനും അടിക്കാനും ശ്രമിച്ചു. വീണ്ടും കുതറി ഓടിയ ജിജിത് രണ്ട് റയിൽ മുറിച്ചു കടന്ന് രണ്ടാമത്തെ പാളത്തിനരികിലൂടെ ഓടുന്നതിനിടെ തലശേരി – കോഴിക്കോട് മെമു ഇടിക്കുകയായിരുന്നു. ഇയാൾ തൽക്ഷണം മരിച്ചു. ആൾക്കൂട്ടം ഇയാളെ ആക്രമിക്കാൻ ശ്രമിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.
ബസ് തട്ടി പരുക്കേറ്റ മുനീറിൻ്റെ പരുക്ക് ഗുരുതരമാണ്. ഇയാൾ തലശേരി ജില്ലാശുപത്രിയിൽ ചികിൽസയിലാണ്. പെട്ടിപ്പാലം ഭാഗത്ത് വഴി നിറയെ കുഴികളാണ്. ബസ് കുഴിയിൽ വീഴാതെ വെട്ടിക്കുന്നതിനിടെ ബസ് എതിർവശത്തേക്ക് നീങ്ങി വഴിയാത്രക്കാരനെ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Bus driver tries to flee after accident crushed to death by death















