കടത്തിൽ നട്ടംതിരിഞ്ഞ് ബൈജൂസ്: കമ്പനികളെ വിറ്റൊഴിക്കുന്നു, വീട്ടേണ്ടത് 9800 കോടി രൂപ

ബംഗളൂരു: വാങ്ങിക്കൂട്ടിയ കമ്പനികളെ വിറ്റൊഴിഞ്ഞ് കടബാദ്ധ്യതകളില്‍ നിന്ന് പുറത്തുകടക്കാനുള്ള നീക്കവുമായി ബൈജൂസ്. ആറുമാസത്തെ സാവകാശം അനുവദിച്ചാല്‍ 120 കോടി ഡോളറിന്റെ (ഏകദേശം 9,800 കോടി രൂപ) കടം തിരിച്ചടയ്ക്കാമെന്ന വാഗ്ദാനം കഴിഞ്ഞദിവസം വായ്പാ ദാതാക്കള്‍ക്ക് മുന്നില്‍ ബൈജൂസ് വച്ചിരുന്നു. എപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെ വിറ്റഴിക്കാനാണ് നിലവിലെ നീക്കം.

2011ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബംഗളൂരുവില്‍ ബൈജൂസ് സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത്. 2012ല്‍ വിദ്യാര്‍ത്ഥ എന്ന കമ്പനിയെ ഏറ്റെടുത്താണ് ബൈജൂസ് ഏറ്റെടുക്കല്‍ മഹാമഹങ്ങള്‍ക്ക് തുടക്കമിട്ടത്.

പിന്നീട് 2022 വരെയുള്ള കാലയളവിലായി എഡ്‌ടെക് രംഗത്തെ എതിരാളികളായേക്കുമെന്ന് വിലയിരുത്തപ്പെട്ട കമ്പനികളെ അടക്കം ഏറ്റെടുത്തു. ട്യൂട്ടര്‍വിസ്ത, മാത്ത് അഡ്വഞ്ചേഴ്‌സ്, ഒസ്‌മോ, വൈറ്റ്ഹാറ്റ് ജൂനിയര്‍, ലാബിന്‍ആപ്പ്, സ്‌കോളര്‍, ഹാഷ്‌ലേണ്‍, ആകാശ് എജ്യൂക്കേഷന്‍ സര്‍വീസസ്, എപിക്, ഗ്രേറ്റ് ലേണിംഗ്, ഗ്രേഡപ്പ്, ടിങ്കര്‍, ജിയോജിബ്ര തുടങ്ങി 20ഓളം കമ്പനികളെയാണ് ബൈജൂസ് ഏറ്റെടുത്തത്.

2021ലാണ് ബൈജൂസ് അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് 5-വര്‍ഷ വായ്പ എടുത്തത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി കനത്തതോടെ പലിശ തിരിച്ചടവില്‍ വീഴ്ചയുണ്ടായി. 2021-22 മുതല്‍ക്കുള്ള പ്രവര്‍ത്തന ഫലവും കമ്പനി പുറത്തുവിട്ടിട്ടില്ല.

ഇതില്‍ പ്രതിഷേധിച്ച് പ്രമുഖ ധനകാര്യ സ്ഥാപനമായ ഡിലോയിറ്റ് ബൈജൂസിന്റെ ഓഡിറ്റര്‍ സ്ഥാനം രാജിവച്ചു. ബൈജൂസിന്റെ തലപ്പത്തുനിന്ന് നിരവധി പ്രമുഖര്‍ രാജിവച്ചൊഴിഞ്ഞു. 2,000ലേറെ ജീവനക്കാരെ ബൈജൂസ് വെട്ടിക്കുറയ്ക്കുകയും ചെയ്തു.

2021 ജൂലൈയില്‍ ഏറ്റെടുത്ത അമേരിക്കന്‍ ഡിജിറ്റല്‍-റീഡിംഗ് പ്ലാറ്റ്‌ഫോമായ എപിക്, അതേമാസം തന്നെ സ്വന്തമാക്കിയ സിംഗപ്പൂരിലെ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ഗ്രേറ്റ് ലേണിംഗ് എന്നിവയെ വിറ്റഴിച്ച് കടബാദ്ധ്യതകള്‍ തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ബൈജൂസ് നടത്തുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവയുടെ വില്‍പനയിലൂടെ 50 കോടി ഡോളര്‍ (4,100 കോടി രൂപ) മുതല്‍ 100 കോടി ഡോളറെങ്കിലും (8,200 കോടി രൂപ) സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. വരുംദിവസങ്ങളിലായി മറ്റ് ഉപകമ്പനികളെ വിറ്റഴിക്കാനുള്ള നീക്കവും ബൈജൂസ് നടത്തിയേക്കുമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, കമ്പനികളെ വിറ്റഴിക്കുന്നത് സംബന്ധിച്ച് ബൈജൂസ് പ്രതികരിച്ചിട്ടില്ല.

More Stories from this section

family-dental
witywide