
കാലിഫോര്‍ണിയ: ക്രൂയിസ് സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണം യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് ഓഫ് കാലിഫോര്‍ണിയ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സല്‍ഫ്-ഡ്രൈവിംഗ് വാഹനങ്ങളുടെ വിന്യാസവും ഡ്രൈവറില്ലാ ടെസ്റ്റിംഗ് പെര്‍മിറ്റുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കാലിഫോര്‍ണിയയിലെ മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഎംവി) ചൊവ്വാഴ്ചയാണ് അറിയിച്ചത്. തുടര്‍ച്ചയായി അപകടങ്ങളും സുരക്ഷാവീഴ്കളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.
സ്വയം ഡ്രൈവ് ചെയ്യുന്ന ഇത്തരം ഓട്ടോമാറ്റിക് കാറുകള്‍ വരുത്തി വെച്ച നിരവധി അപകടങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തുടക്കത്തില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ക്ക് വന്‍ ജനപ്രീതിയാണ് ലഭിച്ചത്. എന്നാല്‍ അപകട നിരക്ക് വര്‍ധിച്ചതോടെ ഇതിനു മാറ്റമുണ്ടായി. പൊതു സുരക്ഷയ്ക്ക് അപകടസാധ്യത ഉണ്ടാകുന്ന സാഹചര്യത്തില്‍ ഡിഎംവിക്ക് പെര്‍മിറ്റുകള്‍ ഉടനടി സസ്പെന്‍ഡ് ചെയ്യാനോ അസാധുവാക്കാനോ കഴിയുമെന്ന് വകുപ്പ് പ്രതികരിച്ചു.
സാന്‍ ഫ്രാന്‍സിസ്‌കോയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ക്രൂസ് പ്രസ്താവനയില്‍ അറിയിച്ചു. ജനറല്‍ മോട്ടോഴ്‌സ് (ജിഎം) വികസിപ്പിച്ച ക്രൂയിസ് സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ 2030 ഓടെ 50 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനം ഉണ്ടാക്കുമെന്ന് കമ്പനി സിഇഒ മേരി ബാര നേരത്തേ പ്രവചിച്ചിരുന്നു. സ്വയം ഓടിക്കുന്ന കാറുകള്‍ക്ക് മനുഷ്യര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനേക്കാള്‍ മികച്ച സുരക്ഷാ രേഖയുണ്ടെന്നായിരുന്നു ബാരയുടെ വാദം.















