കാലിഫോർണിയ: ഹില്ലാരി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴ ഒരുപരിധി വരെ കലിഫോർണിയ നിവാസികൾക്ക് ആശ്വാസമായി മാറിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരൾച്ചയും കാട്ടുതീയും പ്രധാന ആശങ്കകളായി തുടരുന്ന കലിഫോർണിയയിലെ പ്രദേശവാസികൾക്ക് കനത്ത മഴ ഇതിനെ മറികടക്കുന്നതിന് സഹായിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ വാരാന്ത്യത്തിൽ വീശിയ ഹിലാരി ചുഴലിക്കാറ്റ് പ്രദേശത്ത് ആറ് മുതൽ 10 ഇഞ്ച് വരെ മഴ ലഭിക്കുന്നതിന് കാരണമായി. കലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വരണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷം നിലവിൽ യു.എസ്. ഡ്രോട്ട് മോണിറ്റർ അനുസരിച്ച് സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വരൾച്ചയിൽ നിന്ന് മുക്തമാണ്. അതേസമയം, ഹിലരി ചുഴലിക്കാറ്റ് സംസ്ഥാനത്തുടനീളം വെള്ളപ്പൊക്കത്തിനും നാശത്തിനും കാരണമായി. ലൊസാഞ്ചലസ്, സാൻ ഡിയാഗോ കൗണ്ടികൾ എന്നിവയുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വരൾച്ച പ്രതിരോധിക്കുന്നതിനും കാറ്റ് മൂലമുള്ള മഴ സഹായിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
കനത്ത മഴയയും സിയറ നെവാഡ പർവതനിരകളിലെ റെക്കോർഡ് അളവിലുള്ള മഞ്ഞുവീഴ്ചയും സംസ്ഥാനത്തെ മിക്ക ജലസംഭരണികളും നിറയുന്നതിന് കാരണമായി. ചരിത്രപരമായ ശരാശരിയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് വാട്ടർ റിസോഴ്‌സിന്‍റെ കീഴിലെ കലിഫോർണിയ വാട്ടർ വാച്ച് വ്യക്തമാക്കി.
സംസ്ഥാനത്തുടനീളം കാട്ടുതീ ഭീഷണിയുണ്ട്. എന്നാൽ അഞ്ച് വർഷത്തെ ശരാശരി തീപിടിത്തങ്ങളും ഏക്കർ കണക്കിന് കത്തിനശിച്ചതുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷത്തെ തീപിടുത്തം ഗണ്യമായി കുറഞ്ഞു. വലിയ അളവിലുള്ള മഴയും മഞ്ഞും കാരണമാണ് തീപിടിത്തം കുറഞ്ഞതെന്ന് കലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ ഇൻഫർമേഷൻ ഓഫീസർ ക്യാപ്റ്റൻ റോബർട്ട് ഫോക്‌സ്‌വർത്ത് പറഞ്ഞു.