ഇന്ത്യ – കാനഡ ബന്ധം കൂടുതല്‍ വഷളായി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി, കാനേഡ്യന്‍ പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി

ടൊറന്റോ: ഇന്ത്യ – കാനഡ കൂടുതല്‍ വഷളാകുന്നു. കാനഡയിലെ ഇന്ത്യന്‍ എംബസിയിലെ ഒരു നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പവന്‍കുമാര്‍ റായിയോട് രാജ്യം വിടാന്‍ കാനഡ ആവശ്യപ്പെട്ടു. ഇയാള്‍ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് ( റോ) ഉദ്യോഗസ്ഥനാണ് എന്ന് കാനഡ വിദേശകാര്യ മന്ത്രി പറഞ്ഞു.

കാനേഡിയന്‍ പൗരനായ ഖലിസ്ഥാന്‍ വാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പുതിയ നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

ഇതിനു പിന്നാലെ കനേ‍ഡിയന്‍ ഹൈക്കമ്മിഷ്ണര്‍ കാമറന്‍ മക്കായിയെ ഇന്ത്യ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു. കാനഡയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഇന്ത്യന്‍ നിലപാട്.

കഴിഞ്ഞ ജൂണ്‍ 18 ന് ഖലിസ്ഥാന്‍ വാദിയായ ഹര്‍ദീപ് സിങ് നിജാര്‍ എന്ന സിഖുകാരന്‍ ബ്രിട്ടിഷ് കൊളംബിയയിലുള്ള ഒരു ഗുരുദ്വാരയ്ക്ക് മുന്നില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇന്ത്യയുടെ പങ്ക് ആരോപിച്ചാണ് കാനഡയുടെ പുതിയ നീക്കം. കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമായതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. കാനഡയുടെ മണ്ണില്‍ ഒരു കനേഡിയന്‍ പൗരനെ മറ്റൊരു രാജ്യം കൊലപ്പെടുത്തി എന്നത് കനഡയുടെ പരമാധികാരത്തിലേക്കുള്ള കടന്നു കയറ്റമാണ് എന്ന് കാനഡ വിലയിരുത്തുന്നു. ഹര്‍ദീപ് സിങ് നിജാറിനെ ഇന്ത്യ നേരത്തേ തന്നെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. 10 ലക്ഷം ഇനാമും പ്രഖ്യാപിച്ചിരുന്നു. 1997 ല്‍ പഞ്ചാബിലെ ജലന്ധറില്‍നിന്ന് കാനഡയ്ക്ക് കുടുയേറിയതാണ് ഇയാള്‍. ഖലിസ്ഥാനി ടൈഗര്‍ ഫോഴ്സ് എന്ന തീവ്രവാദ സംഘടനയുടെ നേതാവായിരുന്നു ഇയാളെന്ന് ഇന്ത്യ ആരോപിക്കുന്നു. 2007 ല്‍ ജലന്ധറില്‍ ഒരു ക്ഷേത്ര പൂജാരിയുടെ കൊലപാതകവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നു.

ഇന്ത്യയില്‍ ഭീകരാക്രമണം നടത്തണമെന്ന് ഇയാള്‍ ആഹ്വാനം ചെയ്തിരുന്നു.

ജി 20 സമ്മേളനത്തിനിടെ ഖലിസ്ഥാന്‍ വിഷയത്തില്‍ കാനഡയ്ക്ക് എതിരെ കടുത്ത നിലപാട് ഇന്ത്യ സ്വീകരിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. ഇരു രാജ്യങ്ങളും ചേര്‍ന്നുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ച ചെയ്യാന്‍ പോലും കാനഡ വിസമ്മതിച്ചിരുന്നു. ഇന്ന് ന്യൂയോര്‍ക്കില്‍ യുഎന്‍ പ്രതിനിധി സഭ ചേരാനിരിക്കെ ഈ വിഷയം ലോകത്തിനു മുന്നില്‍ കാനഡ ഉയര്‍ത്തിയേക്കും.

Canada Expels Indian diplomat as it investigates India’s possible link to sikh activist’s slaying

More Stories from this section

family-dental
witywide