
ന്യൂഡല്‍ഹി: കാനഡ – ഇന്ത്യ നയതന്ത്ര ബന്ധം മോശമായതിനു പിന്നാലെ, കാനഡയിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി കാനഡ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണിതെന്നു കാനഡ സർക്കാർ പ്രതികരിച്ചു.
കാനഡയിൽ വർധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ ആക്രമണങ്ങളും കണക്കിലെടുത്തായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഇന്ത്യൻ വിദ്യാർഥികൾക്കു പ്രത്യേക ജാഗ്രതാനിർദേശവും നല്‍കിയിരുന്നു. ഇന്ത്യാവിരുദ്ധ നീക്കങ്ങളെ എതിർത്തതിന്റെ പേരിൽ ചില നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇന്ത്യൻ പൗരന്മാർക്കുമെതിരെ ഈയിടെ ഭീഷണിയുണ്ടായിട്ടുണ്ടെന്നു മുന്നറിയിപ്പിൽ പറയുന്നു.
കഴിഞ്ഞ രണ്ടോ മൂന്നോ ദിവസങ്ങളിലെ സംഭവങ്ങളും ആരോപണങ്ങളുടെ ഗൗരവവും കണക്കിലെടുക്കുമ്പോൾ, എല്ലാവരും ശാന്തരായിരിക്കേണ്ടത് പ്രധാനമാണ്. ഏതു മാനദണ്ഡമനുസരിച്ചും കാനഡ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നാണ്. നിയമവാഴ്ചയുള്ള രാജ്യമാണിത്.രാജ്യത്തിന് എതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണ്’’– കാനഡ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.
അതേസമയം കാനഡപൗരന്മാർക്ക് വീസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചതായി റിപ്പോർട്ട്. സുരക്ഷാപരമായ കാരണങ്ങളാല്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനോ കോണ്‍സുലേറ്റിനോ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്നാണ് അറിയിപ്പ്.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകില്ലെന്ന് വീസ അനുവദിക്കുന്ന അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ആദ്യം അവരുടെ വെബ്സൈറ്റിലൂടെ അറിയിക്കുകയായിരുന്നു. ‘‘ഇന്ത്യൻ മിഷനിൽനിന്നുള്ള പ്രധാന അറിയിപ്പ്: പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 സെപ്റ്റംബർ 21 മുതൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ വീസ സേവനങ്ങൾ നിർത്തിവച്ചിരിക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്ക് ബിഎൽഎസ് വെബ്‌സൈറ്റ് സന്ദർശിക്കുക’’ എന്നാണ് അറിയിപ്പിൽ പറയുന്നത്.
ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണു ഇന്ത്യ–കാനഡ ബന്ധം ഇപ്പോൾ ആടിയുലഞ്ഞത്. ഇന്ത്യ 10 ലക്ഷം രൂപ വിലയിട്ട പിടികിട്ടാപ്പുള്ളിയാണു നിജ്ജാർ. കാനഡയിൽ നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പ്രസ്താവനയാണ് പെട്ടെന്ന് വന്‍ പ്രതിസന്ധിയിലേക്ക് നയിച്ചത്.
Canada is the safest country in the world says Canadian authorities, India denies visas for Canadian citizens