
കാനഡ പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ സ്പീക്കര്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായി ഗ്രെഗ് ക്രിസ്റ്റോഫി ഫെര്‍ഗസ്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയില്‍ പെട്ട ഗ്രെഗ് ക്രിസ്റ്റോഫി ഫെര്‍ഗസ് രാജിവെച്ച മുന്‍ സ്പീക്കര്‍ ആന്റണി റോട്ടയ്ക്ക് പകരമായാണ് സ്ഥാനമേല്‍ക്കുന്നത്. ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരനാണ് 54 കാരനായ ഫെര്‍ഗസ്. ഒട്ടാവയ്ക്കു സമീപം ക്യുബെക് മേഖലയായ ഹള്‍-അയ്ല്‍മറില്‍ നിന്നുള്ള എം പിയാണ് അദ്ദേഹം.
സ്പീക്കര്‍ സ്ഥാനത്തേക്ക് ആന്റണി റോട്ടയ്ക്ക് പകരക്കാരനായി ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ രഹസ്യ ബാലറ്റിലൂടെയാണ് ഫെര്‍ഗസിനെ തിരഞ്ഞെടുത്തത്. ഇത് വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്ന് ഫെര്‍ഗസ് പ്രതികരിച്ചു. സഭയില്‍ പരസ്പരം ബഹുമാനത്തോടെ പെരുമാറണമെന്ന് സഹപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ച ഫെര്‍ഗസ് ഇത് ആവേശകരമായ സംവാദങ്ങള്‍ക്കുള്ള ഇടമാണെന്നും പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികള്‍ക്ക് വേണ്ടി പോരാടിയ ഉക്രേനിയന്‍ സൈനികനെ പരസ്യമായി ആദരിച്ചതിന്റെ പേരിലാണ് കാനഡയുടെ പാര്‍ലമെന്റ് സ്പീക്കര്‍ ആന്റണി റോട്ടയ്ക്ക് രാജിവെക്കേണ്ടി വന്നത്. ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പാര്‍ലമെന്റ് സന്ദര്‍ശിച്ചപ്പോഴാണ് ആന്റണി റോട്ട തന്റെ ജില്ലയില്‍ നിന്നുള്ള പ്രായമായ ഉക്രേനിയന്‍ കുടിയേറ്റക്കാരനെ സഭയില്‍ അഭിനന്ദിച്ചത്. എന്നാല്‍ നാസിയുമായി ബന്ധമുള്ള സൈനിക വിഭാഗത്തില്‍ ഹുങ്ക വെറ്ററന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന വിവരം വെളിപ്പെട്ട സാഹചര്യത്തിലാണ് റോട്ട രാജി വെച്ചത്.












