കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നിഷേധം; ഇന്ത്യയിലെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി

കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം ഇന്ത്യയിലെ ടൂറിസം സീസണെ പ്രതികൂലമായി ബാധിച്ചേക്കാം. ട്രാവൽ ഓപ്പറേറ്റർമാർ വലിയ തോതിൽ വിസകൾ റദ്ദാക്കേണ്ട നടപടി സ്വീകരിക്കേണ്ടി വന്നേക്കാം. ടൂറിസം മന്ത്രാലയം നല്‍കുന്ന കണക്കുകള്‍ പ്രകാരം, ഡിസംബറിലാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന. ഇന്ത്യ സന്ദര്‍ശിച്ച മൊത്തം കനേഡിയന്‍ വിനോദസഞ്ചാരികളില്‍ 24 ശതമാനത്തിലധികം പേര്‍ ഡിസംബറില്‍ എത്തുന്നവരാണ്. മെയ് മാസത്തില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യയിലെത്തിയത്.

കാനഡ ഇന്ത്യയുടെ വലിയ ഉറവിട വിപണിയാണെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സിന്റെ (ഐഎടിഒ) പ്രസിഡന്റ് രാജീവ് മെഹ്റ പറഞ്ഞു. ”വിനോദ സഞ്ചാരികളും അതിനു പുറമെ ഇന്ത്യൻ വംശജരായ ആളുകളും ഇന്ത്യ കാണാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാനും ഇന്ത്യയിലേക്കെത്തുന്ന സമയമാണ്. 2019-20 ന് ശേഷം എല്ലാം വീണ്ടും സാധാരണ നിലയിൽ എത്തുമെന്ന് പ്രതീക്ഷിച്ച വർഷമായിരുന്നു. ഈ നീക്കം വലിയ രീതിയിൽ ബാധിക്കും.”

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന്റെയും കൊലപാതകവുമായി ഇന്ത്യയെ ബന്ധിപ്പിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശങ്ങളുടെയും പശ്ചാത്തലത്തില്‍ കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്. കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഇന്ത്യ കഴിഞ്ഞ മാസം നിര്‍ത്തിവച്ചിരുന്നു.

ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചതില്‍ നിന്ന് 30-40 ശതമാനം വിനോദ സഞ്ചാരികളുടെ ഇടിവിലേക്ക് എത്തുമെന്നാണ് ഐഎടിഒ കരുതുന്നത്. ”ഡിസംബര്‍ മുതല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്,” രാജീവ് മെഹ്റ പറയുന്നു. ഹോസ്പിറ്റാലിറ്റി മേഖലയിലെ എല്ലാ വിഭാഗങ്ങളും – അത് ഹോട്ടലുകളോ ഇവന്റ് പ്ലാനര്‍മാരോ മാരിയേജ് പ്ലാനേഴ്‌സോ ആകട്ടെ (കനേഡിയന്‍ വംശജരായ കനേഡിയന്‍ പൗരന്മാര്‍ പലപ്പോഴും ഇന്ത്യയില്‍ വിവാഹ ചടങ്ങുകള്‍ നടത്താറുണ്ട്), ആഡംബര കാര്‍ വാടകയ്ക്കെടുക്കുന്ന കമ്പനികളോ ആകട്ടെ. അവർക്ക് ഒരു വലിയ തിരിച്ചടിയുണ്ടാകും.

”ടുറിസം സീസണ്‍ ആരംഭിക്കുന്ന സമയത്താണ് കാനഡയുമായുള്ള പ്രശ്‌നങ്ങള്‍, ഈ ഘട്ടത്തില്‍ ആധികാരികമായ കണക്കുകളൊന്നും ലഭ്യമല്ല, എന്നാല്‍ ഇത് തുടര്‍ന്നാല്‍, അത് എല്ലാ വിഭാഗങ്ങളെയും ബാധിക്കും,” ഫെയ്ത്ത് ബോര്‍ഡ് അംഗം അജയ് പ്രകാശ് പറഞ്ഞു.

More Stories from this section

family-dental
witywide