വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിച്ചു; ജസ്റ്റിൻ ട്രൂഡോ ഇന്ത്യ വിട്ടു

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 48 മണിക്കൂറുകൾക്ക് ശേഷം നാട്ടിലേക്കുമടങ്ങി. ട്രൂഡോയുടെ ആദ്യ വിമാനം ശരിയാക്കിയതായും അദ്ദേഹം നാട്ടിലേക്കുള്ള യാത്രയിലാണെന്നും ട്രൂഡോയുടെ ഓഫിസ് അറിയിച്ചു. ‘വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിച്ചു. വിമാനത്തിന് പറക്കാൻ അനുമതി ലഭിച്ചു’’– ട്രൂഡോയുടെ ഓഫിസിന്റെ പ്രസ്താവനയില്‍ പറയുന്നു. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ട്രൂഡോയെ യാത്രയാക്കിയത്. ഇതിന്റെ ചിത്രം അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു.

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ജസ്റ്റിന്‍ ട്രൂഡോ ഞായറാഴ്ച രാത്രി എട്ടുമണിക്കുള്ള വിമാനത്തിലാണു മടങ്ങേണ്ടിയിരുന്നത്. ആ വിമാനത്തിനു സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

അദ്ദേഹത്തെ കൊണ്ടുപോകാനായി ഇന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്ന മറ്റൊരു വിമാനം ലണ്ടനിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ റോമിലൂടെ ആദ്യം റൂട്ട് ചെയ്ത വിമാനം പിന്നീട് ലണ്ടനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഈ വിമാനം വഴിതിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമല്ല. ഇതേത്തുടര്‍ന്ന് വീണ്ടും യാത്ര മുടങ്ങുകയായിരുന്നു.