ക്യാപിറ്റോള്‍ കലാപം: ട്രംപിന്റെ 32 സ്വകാര്യ സന്ദേശങ്ങള്‍ ട്വിറ്റര്‍ കോടതിക്ക് കൈമാറി

ന്യൂയോര്‍ക് : തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട ക്യാപിറ്റോൾ കലാപ കേസിൽ ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ (എക്സ്) സന്ദേശങ്ങൾ പരിശോധിച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. 32 സ്വകാര്യ സന്ദേശങ്ങളാണ് അന്വേഷണസമിതിക്ക് ട്വിറ്റർ കൈമാറിയത്. ട്രംപിന്റെ സ്വകാര്യ സന്ദേശങ്ങൾ പരിശോധിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും എത്രയെന്നോ എന്തൊക്കെയായിരുന്നു ഉള്ളടക്കമെന്നോ ഇതുവരെ വ്യക്തമായിരുന്നില്ല.

ട്രംപിന്റെ സന്ദേശങ്ങൾ ഫെഡറൽ പ്രോസിക്യൂട്ടർ പരിശോധിച്ചതായി ഓഗസ്റ്റിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതനുസരിച്ച് 2020ലെ തിരഞ്ഞെടുപ്പിന് ശേഷം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കാൻ ട്രംപ് ട്വിറ്റർ അക്കൗണ്ട്‌ ഉപയോഗിച്ചതായി കണ്ടെത്തിയെന്നും വാർത്തകൾ പുറത്തുവന്നു. എന്നാൽ എത്ര സന്ദേശങ്ങൾ, എല്ലാം തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ടവയാണോ തുടങ്ങിയ ചോദ്യങ്ങൾ അന്നുമുതൽ ഉയരുന്നുണ്ട്.

തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിക്കപ്പെടുന്ന ട്രംപിന്റെ സന്ദേശങ്ങൾ കോടതിക്ക് മുൻപാകെ സമർപ്പിക്കുന്നത് വൈകിപ്പിച്ചതിനാൽ ട്വിറ്ററിന് ഏകദേശം 35,000 ഡോളർ കോടതി പിഴ ചുമത്തിയിരുന്നു. ഈ വിധിക്കെതിരെയുള്ള കമ്പനിയുടെ അപ്പീൽ പരിഗണിക്കവെയാണ് തിരഞ്ഞെടുപ്പ് അട്ടിമറി വിഷയത്തിൽ ഇത്രയധികം സന്ദേശങ്ങൾ ട്രംപ് കൈമാറിയതായി വ്യക്തമാക്കപ്പെട്ടത്.2023 ജനുവരിയിലാണ് കേസിൽ കോടതി സെർച്ച് വാറന്റിന് അംഗീകാരം നൽകുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് 10 ദിവസത്തിനുള്ളിൽ വിവരങ്ങൾ കൈമാറണമെന്നായിരുന്നു ട്വിറ്റിന് നൽകിയ ഉത്തരവ്. നവംബർ 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ജനുവരിയിലെ ക്യാപിറ്റോൾ കലാപം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്ന 2020 ഒക്‌ടോബർ മുതൽ 2021 ജനുവരി വരെയുള്ള വിവരങ്ങളാണ് അന്വേഷണസംഘം ഹാജരാക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ വിവരങ്ങൾ നൽകാതിരിക്കാൻ ട്വിറ്റർ ശ്രമിച്ചു. പിന്നീട് ട്വിറ്ററും യുഎസ് സർക്കാരും തമ്മിലുള്ള നിയമ പോരാട്ടമായി ഇതുമാറുകയായിരുന്നു. കൃത്യമായ അറിയിപ്പ് ലഭിക്കാത്തതിനാൽ സമയപരിധിയെക്കുറിച്ച് അറിയില്ലായിരുന്നു എന്നായിരുന്നു കമ്പനിയുടെ നിലപാട്. ഇതാണ് നിയമയുദ്ധത്തിലേക്ക് നീങ്ങിയത്. ഇതുമായി ബന്ധപ്പെട്ട കേസിലായിരുന്നു കമ്പനിയുടെ അപ്പീൽ.2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് ഡൊണാൾഡ് ട്രംപ് ഫെഡറൽ കോടതിയിൽ വസ്തുതാവരുദ്ധമമായ സത്യവാങ്മൂലം നൽകിയത് ഉൾപ്പെടെ നിരവധി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായും കോടതി കണ്ടെത്തിയിരുന്നു.