
ജമ്മു: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിനിൽ ഓപ്പറേഷൻ പോസ്റ്റിലെത്തുന്ന ആദ്യ വനിതാ മെഡിക്കല്‍ ഓഫീസറായി ഫാത്തിമ വസീം. ഇന്ത്യൻ കരസേനയിലെ ക്യാപ്റ്റന്‍ റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് ഫാത്തിമ. ഈ മാസം ആദ്യം ക്യാപ്റ്റൻ ഗീതികാ കൗൾ സിയാച്ചിനിൽ മെഡിക്കൽ ഓഫീസറായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓപ്പറേഷൻ പോസ്റ്റിലേക്ക് ഫാത്തിമയുടെ നിയമനം.
15,200 അടി മുകളിലുള്ള ലോകത്തെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയാണ് സിയാച്ചിൻ. കരസേനയുടെ ഫയർ ആൻഡ് ഫ്യൂറി കോറിൽനിന്നുള്ള ഓഫീസറാണ് ക്യാപ്റ്റൻ ഫാത്തിമ. കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ നിയമിതയാകുന്ന രണ്ടാമത്തെ മെഡിക്കൽ ഓഫീസറും.
. സിയാച്ചിന്‍ ബാറ്റില്‍ സ്‌കൂളിലെ നീണ്ടനാളത്തെ കഠിന പരിശീലനത്തിന് ശേഷമാണ് ഫാത്തിമയെ ഈ പദവിയിലേക്ക് നിയമിച്ചതെന്ന് ഫയര്‍ ആന്‍ഡ് ഫ്യൂരി വിഭാഗം എക്‌സിലെഴുതിയ കുറിപ്പില്‍ പറഞ്ഞു. നേരത്തേ, സിയാച്ചിനിലെ ആദ്യ വനിതാ മെഡിക്കൽ ഓഫീസറായി ക്യാപ്റ്റൻ ഗീതികാ കൗളിനെ നിയമിച്ചിരുന്നു.