
കരോള്‍ട്ടന്‍ (ടെക്സാസ്): കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാള്‍ ഓഗസ്റ്റ് 18, 19, 20 (വെള്ളി, ശനി ഞായര്‍) തീയതികളില്‍ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും.
ഓഗസ്റ്റ് 13 ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി ഫാ.ജോണ്‍ കുന്നത്തുശ്ശേരില്‍, അസി.വികാരി ഫാ.മാത്യു അലക്സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. ഓഗസ്റ്റ് 18 ന് വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് സന്ധ്യനമസ്‌കാരം, ഗാനശുശ്രൂഷ, തുടര്‍ന്ന് അനുഗ്രഹീത സുവിശേഷകനായ ഫാ.ബിജു തോമസിന്റെ വചനപ്രബോധനം എന്നിവ നടക്കും. ഓഗസ്റ്റ് 19 ന് ശനിയാഴ്ച വൈകീട്ട് നാല് മണി മുതല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ വിശ്വാസികളെ സമന്വയിപ്പിച്ചു നടത്തുന്ന കാര്‍ണിവല്‍, നാടന്‍ ഭക്ഷണങ്ങളൊരുക്കിയ ‘തട്ടുകട ‘ എന്നിവ ഉണ്ടായിരിക്കും.

വൈകുന്നേരം 6:30 നു സന്ധ്യനമസ്‌കാരം, മധ്യസ്ഥപ്രാര്‍ഥന, ഗാനശുശ്രുഷ, തുടര്‍ന്ന് ഫാ.ബിജു തോമസിന്റെ കണ്‍വെന്‍ഷന്‍ പ്രഭാഷണം എന്നിവ നടക്കും. തുടര്‍ന്ന് വൈകുന്നേരം 8:45 നു വിശ്വാസി സമൂഹം ഒന്നുചേര്‍ന്ന് പരമ്പരാഗത രീതിയില്‍ മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ പള്ളി ചുറ്റിയുള്ള വര്‍ണ്ണാഭമായ പ്രദിക്ഷണവും തുടര്‍ന്ന് ആശീര്‍വാദവും നേര്‍ച്ച വിളമ്പും നടക്കും.
പ്രധാന പെരുന്നാള്‍ ദിവസമായ ഓഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 8:30 നു രാവിലെ പ്രഭാത പ്രാര്‍ത്ഥനയും, മൂന്നിന്മേല്‍ കുര്‍ബാനയും. ശുശ്രൂഷകള്‍ക്ക് ഫാ.ബിജു തോമസ്, ഫാ.സഞ്ജീവ് മേരീ ഓഫര്‍, ഫാ.തോമസ് മാത്യു, ഫാ.ജോണ്‍ കുന്നത്തുശ്ശേരില്‍ എന്നിവര്‍ കാര്‍മ്മികരാകും. തുടര്‍ന്ന് ആശീര്‍വാദവും, നേര്‍ച്ച വിളമ്പും, വിഭവസമൃദ്ധമായ പെരുന്നാള്‍ സദ്യയും ഉണ്ടായിരിക്കും.
കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ യുവജന കൂട്ടായ്മ ഓഗസ്റ്റ് 19 ശനിയാഴ്ച നാലുമണി മുതല്‍ പള്ളി അങ്കണത്തില്‍ സംഘടിപ്പിക്കുന്ന പ്രത്യേക കാര്‍ണിവലും രുചിയേറും നാടന്‍ വിഭങ്ങളൊരുക്കി നടത്തുന്ന ‘തട്ടുകട’യും ഇക്കുറി പ്രത്യക ശ്രദ്ധയാകര്‍ഷിക്കും. കാര്‍ണിവലിലേക്കും തട്ടുകടയിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി യുവജനപ്രസ്ഥാനത്തിന്റെ സംഘാടകര്‍ അറിയിച്ചു. യുവജന കൂട്ടായ്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഉപയോഗിക്കും.