
ന്യൂഡല്‍ഹി: പണം വാങ്ങി പാര്‍ലമെന്റില്‍ ചോദ്യങ്ങളുന്നയിച്ചെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയോട് നേരിട്ട് ഹാജരാവാന്‍ സമയം നീട്ടി അനുവദിക്കാന്‍ കഴിയില്ലെന്ന് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി. നവംബര്‍ രണ്ടിന് തന്നെ ഹാജരാകണമെന്നും ആരോപണങ്ങള്‍ അന്വേഷിക്കുന്ന എത്തിക്സ് കമ്മിറ്റി ആവശ്യപ്പെട്ടു. ഒക്ടോബര്‍ 31 ന് ഹാജരാകാന്‍ കഴിയില്ലെന്ന് മഹുവ അറിയിച്ചതിനെത്തുടര്‍ന്നാണ് തിയതി മാറ്റി നല്‍കിയത്.
ലോക്‌സഭയില്‍ ബിജെപിക്കെതിരെയും അദാനിക്കെതിരെയും നിരന്തരമായി ചോദ്യങ്ങള്‍ ചോദിക്കുന്നതിന് വ്യവസായി ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് മൊയ്ത്രയ്‌ക്കെതിരായ ആരോപണം. രാജ്യത്തെ പ്രധാന വ്യവസായിയായ അദാനി ഗ്രൂപ്പിനെക്കുറിച്ചു പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ ഹിരനന്ദാനിയില്‍നിന്നു മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്ന് ബിജെപിയാണ് ആരോപണം ഉന്നയിച്ചത്.
വ്യവസായിയും തന്റെ സുഹൃത്തുമായ ദര്‍ശന്‍ ഹിരാനന്ദാനിക്ക് തന്റെ പാര്‍ലമെന്റ് ലോഗിനും പാസ്വേഡും നല്‍കിയിരുന്നുവെന്ന് ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ മഹുവ മൊയ്ത്ര സമ്മതിച്ചിരുന്നു. ലോഗിന്‍, പാസ് വേഡ് വിവരങ്ങള്‍ കൈമാറിയത് ചോദ്യങ്ങള്‍ തയ്യാറാക്കാനാണെന്നും എന്നാല്‍ ലക്ഷ്യം പണമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
ലോഗിനും പാസ്വേഡും ആര്‍ക്കൊക്കെ നല്‍കാം, നല്‍കരുത് എന്നതു സംബന്ധിച്ച് പ്രത്യേക ചട്ടങ്ങളില്ലെന്നും ഒരു എംപിയും സ്വന്തമായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും മൊയ്ത്ര പറഞ്ഞു. ദര്‍ശന്‍ ഹിരാനന്ദാനിയുടെ ഓഫീസിലെ ആരോ പാര്‍ലമെന്റ് വെബ്‌സൈറ്റില്‍ ചോദ്യം ടൈപ്പ് ചെയ്തിരുന്നുവെന്നും അതിന് ശേഷം വിളിച്ചറിയിച്ചുവെന്നും മഹുവ വ്യക്തമാക്കി. തുടര്‍ന്ന് ഒരു ഒടിപി തന്റെ ഫോണില്‍ വരും. ആ ഒടിപി വച്ചു സ്ഥിരീകരിക്കുമ്പോഴാണ് ചോദ്യങ്ങള്‍ പോസ്റ്റ് ആവുന്നത്. അതുകൊണ്ട് തന്നെ ദര്‍ശന്‍ തന്റെ ഐഡിയില്‍ ലോഗിന്‍ ചെയ്ത് ചോദ്യങ്ങള്‍ ചോദിച്ചു എന്ന് പറയുന്നത് പരിഹാസ്യമാണെന്നും അവര്‍ പറഞ്ഞു.