ഇനി ഐപിസിയും സിആർപിസിയും ഇല്ല; ഭാരതീയ സംഹിത സുരക്ഷാ ബിൽ അവതരിപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യന്‍ പീനല്‍ കോഡ്, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരം പുതിയ നിയമം കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023, ഭാരതീയ സാക്ഷ്യ ബിൽ 2023 എന്നിവയാണ് ബില്ലുകൾ.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബില്ലുകള്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടും. രാജ്യത്തെ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാരുണ്ടാക്കിയതാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ പാര്‍ലമെന്റില്‍ പുതിയ ബില്ലുകള്‍ അവതരിപ്പിച്ചത്.

ഐ.പി.സിക്ക് പകരമുള്ള പുതിയ ബില്ലിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ചുമത്തുന്നത് പൂർണമായും റദ്ദാക്കുമെന്ന് അമിത് ഷാ പറഞ്ഞു. പുതിയ ബില്ലുകൾ നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ മാറ്റിമറിക്കുമെന്ന് സഭയ്ക്ക് ഉറപ്പ് നൽകാൻ കഴിയുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. പുതുതായി അവതരിപ്പിച്ച മൂന്ന് നിയമങ്ങളിലൂടെയും ഇന്ത്യയിലെ പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് മുൻഗണന നൽകുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ബില്ലുകൾ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

19ാം നൂറ്റാണ്ടിലെ നിയമങ്ങൾക്ക് പകരമാണ് പുതിയ നിയമം. പരിശോധന നടപടികൾക്ക് വീഡിയോ ദൃശ്യങ്ങൾ തെളിവായി ശേഖരിക്കും. കോടതികളിൽ വേഗത്തിൽ കേസുകൾ തീർപ്പാക്കാൻ നിയമം സഹായിക്കും. പരാതിക്കാരന് 90 ദിവസത്തിനുള്ളിൽ തൽസ്ഥിതി റിപ്പോർട്ട് കിട്ടും. പുതിയ ബില്ലിന്റെ സെക്ഷൻ 150 ൽ രാജ്യത്തിനെതിരായ പ്രവർത്തനങ്ങളെ സംബന്ധിച്ചും പറയുന്നുണ്ട്.

ഐ.പി.സി, സി.ആര്‍.പി.സി, എവിഡന്‍സ് ആക്ട് 1872 എന്നിവയില്‍ മാറ്റം വരുത്താനായി 2020 മാര്‍ച്ചിലാണ് ക്രിമിനല്‍ നിയമ പരിഷ്കരണ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഡൽഹിയിലെ ദേശീയ നിയമ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ആയ ഡോ റണ്‍ബീര്‍ സിംഗിന്‍റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. നിയമ അധ്യാപകരും മുതിര്‍ന്ന അഭിഭാഷകരും മുതിര്‍ന്ന ജഡ്ജുമാരും അടങ്ങുന്നതായിരുന്നു കമ്മിറ്റി. ഫെബ്രുവരി 2022ലാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏപ്രില്‍ 2022ലാണ് നിയമ മന്ത്രാലയം സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമ പരിഷ്കരണത്തിനൊരുങ്ങുന്നതായി രാജ്യ സഭയെ അറിയിച്ചത്.

More Stories from this section

family-dental
witywide