
മയാമി: ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. കാലം മാറുന്നതിന് അനുസരിച്ച് കേരളത്തിനും മാറിയേ മതിയാകു. വിഴിഞ്ഞം തുറമുഖം മുമ്പ് ഒരു സ്വപ്നമായിരുന്നു. ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യമായി. ദേശീയപാതാ വികസനം നല്ല രീതിയില്‍ കേരളത്തില്‍ പുരോഗമിക്കുന്നു. കേരളത്തിലേക്ക് ലോകത്തെ കൊണ്ടുവരാന്‍ കഴിയണം. ഇതില്‍ ഏറ്റവും അധികം സഹായിക്കാന്‍ സാധിക്കുന്നത് പ്രവാസി മലയാളികള്‍ക്കാണ്. പ്രവാസി മലയാളികള്‍ ഓരോ നിമിഷവും ചിന്തിക്കുന്നത് കേരളത്തെ കുറിച്ചാണെന്നത് യാഥാര്‍ത്ഥ്യമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അമേരിക്കയിലെ മാധ്യമ സ്വാതന്ത്ര്യം ഇന്ത്യക്ക് അനുകരിക്കാവുന്ന മാതൃകയാണെന്നും ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി. നാടിന്റെ വികസനത്തില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് മാധ്യമങ്ങളാണ്. അതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അന്താരാഷ്ട്ര വേദികളില്‍ അവസരം ലഭക്കുന്നത് അവരുടെ വികസന കാഴ്ചപ്പാടുകളെ സ്വാധീനിക്കും. അത് നാടിന്റെ വികസനത്തിന് നേട്ടമാകുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മാധ്യമങ്ങളില്‍ വരുന്നതാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇന്ത്യ പ്രസ് ക്ളബ് പോലുള്ള വേദികള്‍ ഗുണം ചെയ്യും.
ഇന്ത്യ പ്രസ് ക്ളബ് സമ്മേളനം കേരളത്തിന്റെ വികസനത്തിന് വലിയ നേട്ടമാകുമെന്നും ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. സംഘടനയുടെ പ്രസിഡന്റ് സുനില്‍ തൈമറ്റം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജു പള്ളത്ത്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കൂറ്റ്, പ്രസിഡന്റ് ഇലക്ട് സുനില്‍ ട്രൈസ്റ്റാര്‍, വൈസ് പ്രസിഡന്റ് ബിജു സക്കറിയ, ജോ.സെക്രട്ടറി സുധ പ്ളക്കാട്ട്, ജോ. ട്രഷറര്‍ ജോയ് തുമ്പമണ്‍, ഓഡിറ്റര്‍ ജോര്‍ജ് ചെറയില്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
Chandi oommen said media is essential for the development of Kerala in IPCNA Media convention














