ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3; മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയം

ബെംഗളൂരു: ചന്ദ്രയാൻ മൂന്നിന്റെ മൂന്നാം ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയ വിജയകരം. ഇതോടെ ചന്ദ്രന് കേവലം 177 കിലോമീറ്റർ അകലെ മാത്രമാണ് പേടകമെന്ന് ഐഎസ്ആർഒ അറിയിച്ചു. പരിക്രമണ ഘട്ടം വിജയകരമായി പൂർത്തീകരിച്ച് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ചന്ദ്രയാൻ 3 അടുക്കുകയാണ്.

നാല് ഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയിൽ ഇനി ഒന്ന് കൂടിയാണ് അവശേഷിക്കുന്നത്. 16ന് രാവിലെ 8:30ഓടെയാണ് നാലാം ഘട്ട ഭ്രമണപഥം താഴ്ത്തൽ നടത്തുക. ഇതോടെ ചന്ദ്രനിൽനിന്ന് 100 കിലോ മീറ്റർ ഉയരത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ പേടകമെത്തും.

ഓഗസ്റ്റ് 17-ന് പ്രൊപ്പൽഷൽ മോഡ്യൂളിൽ നിന്നു വേർപെട്ട് ലാൻഡർ സ്വയം മുന്നോട്ട് പോകും. ഇറങ്ങാനുള്ള സ്ഥലം കണ്ടെത്തി സോഫ്റ്റ് ലാൻഡിംഗിനുള്ള ഒരുക്കങ്ങളാകും പിന്നീട്. തുടർന്ന് ഒരാഴ്ചയ്‌ക്ക് ശേഷം 23-ാം തീയതി വൈകുന്നേരം 5.47-ന് ചന്ദ്രന്റെ മണ്ണിലിറങ്ങുമെന്നാണ് പ്രതീക്ഷ.

ചന്ദ്രോപരിതലത്തിൽ സുരക്ഷിതവും മൃദുലവുമായ ലാൻഡിംഗ് നടത്തുക, ചന്ദ്രനിൽ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുക എന്നിവയാണ് ചന്ദ്രയാൻ-3 ന്റെ ദൗത്യ ലക്ഷ്യങ്ങൾ. ചന്ദ്രന്റെ ഭൂപ്രകൃതി, ധാതുശാസ്ത്രം, മൂലക സമൃദ്ധി, ചാന്ദ്ര എക്‌സോസ്ഫിയർ, ഹൈഡ്രോക്സിൽ, ജലം എന്നിവയെ കുറിച്ചും ചന്ദ്രയാൻ മൂന്ന് പഠനം നടത്തും. ചന്ദ്രോപരിത്തലത്തിൽ സുരക്ഷിതമായി ഇറങ്ങാൻ കഴിഞ്ഞാൽ അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും ചൈനയ്‌ക്കും ശേഷം ചന്ദ്രനിലിൽ പേടകമിറങ്ങുന്ന രാജ്യമായി ഇന്ത്യ മാറും.

More Stories from this section

family-dental
witywide