പിന്‍ഗാമിയാകാന്‍ ചാണ്ടി ഉമ്മന്‍; പുതുപ്പള്ളിയില്‍ സെപ്റ്റംബർ 5ന് ഉപതെരഞ്ഞെടുപ്പ്

കോട്ടയം: അരനൂറ്റാണ്ടുകാലം ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായിരുന്ന പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിന് ഒരുങ്ങുമ്പോള്‍ യുഡിഎഫ് സ്ഥാനാർഥിയായി മകന്‍ ചാണ്ടി ഉമ്മന്‍. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ഡൽഹിയിൽ ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം.

സെപ്റ്റംബർ 5നാണ് വോട്ടെടുപ്പ്. സെപ്റ്റംബർ എട്ടിന് ഫലമറിയാം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 17 ആണ്. സൂക്ഷ്മ പരിശോധന– ഓഗസ്റ്റ് 18, നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി– ഓഗസ്റ്റ് 21. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മണ്ഡലത്തില്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

സ്ഥാനാർഥി നിർണയത്തിൽ ചാണ്ടി ഉമ്മന്റെ പേരുമാത്രമാണ് ഉയർന്നുവന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുന്ന ഘട്ടത്തില്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നൊരാളെ സ്ഥാനാർഥിത്വത്തിലേക്ക് പരിഗണിച്ചേക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചിരുന്നു.

അതേസമയം, വലിയ ഉത്തരവാദിത്വമാണ് പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. 53 വർഷകാലം പാർട്ടിയിലെ അതികായനായ ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായിരുന്ന പുതുപ്പള്ളിയില്‍ യുഡിഎഫ് പൂർണ ആത്മവിശ്വാസത്തോടെയാണ് മത്സരത്തിനൊരുങ്ങുന്നത്. രാഷ്ട്രീയ പോരാട്ടമായി തന്നെ തെരഞ്ഞെടുപ്പിനെ കാണുമെന്ന് നിലപാടെടുത്ത ഇടതുപക്ഷവും പുതുപ്പള്ളിയില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide