പുതുപ്പള്ളിയില്‍ ജെയ്കിന് കനത്ത പരാജയമെന്ന് ദി ഫോര്‍ത്ത് സര്‍വ്വെ, ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 60,000 കടക്കുമെന്നും സര്‍വ്വെ

കോട്ടയം: ഉമ്മന്‍ചാണ്ടി അന്തരിച്ച സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി അദ്ദേഹത്തിന്റെ മകന് വേണ്ടി വോട്ടുചെയ്യുമെന്നാണ് ദി ഫോര്‍ത്ത് സര്‍വ്വെ പ്രവചിക്കുന്നത്. എഴുപത് മുതല്‍ എണ്‍പത് ശതമാനം വരെ വോട്ട് പോള്‍ ചെയ്യുകയാണെങ്കില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 60,000 കടക്കുമെന്നാണ് സര്‍വ്വെ പ്രവചനം. ഈമാസം അഞ്ചാം തിയതിയാണ് പുതുപ്പള്ളിയില്‍ വെട്ടെടുപ്പ്.

സര്‍വ്വെ എങ്ങനെ?

പുതുപ്പള്ളിയില്‍ 1,75,605 വോട്ടര്‍മാരാണ് ഉള്ളത്. സര്‍വെ അനുസരിച്ച് ചാണ്ടി ഉമ്മന്‍ 72.85 ശതമാനം വോട്ട് നേടും. അതായത് 80 ശതമാനം പോളിങ് നടന്നാല്‍ 1,025,48 വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ നേടുമെന്ന് സര്‍വെ പ്രവചിക്കുന്നു. 60,000ത്തിലെറെ ഭൂരിപക്ഷം ചാണ്ടി ഉമ്മനുണ്ടാകുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. ജെയ്ക്ക് സി തോമസിന് 40,327 വോട്ടുകള്‍ ലഭിക്കും. അതായാത് 22.92 ശതമാനം വോട്ട്. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വെറും 4991 വോട്ടുകള്‍ മാത്രമാണ് ലഭിക്കുകയെന്ന് സര്‍വെ വ്യക്തമാക്കുന്നു. പൊളിങ് 70 ശതമാനം ആയാലും ഭൂരിപക്ഷം 60,000ത്തിന് മുകളിൽ തന്നെ ആയിരിക്കും. എന്നാൽ പൊളിങ് ശതമാനം 60 ആയി ചുരുങ്ങിയാൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 50,000 ത്തിന് മുകളിൽ ആയിരിക്കുമെന്നും സർവെ വ്യക്തമാക്കുന്നു.

ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ ഭൂരിപക്ഷം

കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്ക് 9044 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ഉമ്മന്‍ചാണ്ടിക്ക് മണ്ഡലത്തില്‍ കിട്ടിയ ഏറ്റവും ചുരുങ്ങിയ ഭൂരിപക്ഷമായിരുന്നു അത്. എല്‍ഡിഎഫിലെ ജെയ്ക്ക് സി തോമസ് തന്നെയായിരുന്നു അന്നും എതിരാളി.

യുഡിഎഫിന് വന്‍ ഭൂരിപക്ഷം സര്‍വെ പ്രവചിക്കുമ്പോഴും പുതുപ്പള്ളി മണ്ഡലത്തിലെ വികസനത്തിന്റെ കാര്യത്തില്‍ വോട്ടര്‍മാരില്‍ നല്ലൊരു വിഭാഗം തൃപ്തരല്ലെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്. പുതുപ്പള്ളിയിലെ അടിസ്ഥാന വികസനത്തിന്റെ കാര്യത്തില്‍ സര്‍വെയില്‍ പങ്കെടുത്ത 29.12ശതമാനത്തിന് മാത്രമാണ് പൂര്‍ണ തൃപ്തി. മുന്‍ എംഎല്‍എ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന വികസനത്തിന് ദൃക്‌സാക്ഷിയായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് 55.19 ശതമാനം പേരും വ്യക്തമാക്കിയത്. അതായത് പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ഉയര്‍ത്തിയ വികസന രാഷ്ട്രീയം വോട്ടര്‍മാരെ സ്വാധീനിച്ചുണ്ടാവാമെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ അത് വോട്ടാക്കി മാറ്റാന്‍ എല്‍ഡിഎഫിന് ഇന്നത്തെ സാഹചര്യത്തില്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍വെ ഫലം സൂചിപ്പിക്കുന്നു.

ഉമ്മന്‍ചാണ്ടിയുടെ മരണമുണ്ടാക്കിയ വികാരത്തെ മറികടക്കാന്‍ വികസന പ്രശ്‌നങ്ങളാണ് എല്‍ ഡി എഫ് ഉയര്‍ത്തിയത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട വൈകാരികത മറികടക്കാന്‍ വികസന രാഷ്ട്രീയ ചര്‍ച്ചകള്‍ സഹായിച്ചില്ലെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. എന്നാല്‍ വികസനം ഒരു വിഷയമാണെന്ന് വസ്തുത പുതുപ്പള്ളിയിലെ ജനങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നും സര്‍വെ വ്യക്തമാക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം?

സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് സര്‍വെയില്‍ പങ്കെടുത്ത 36.39 ശതമാനം പേരും അഭിപ്രായം പറഞ്ഞില്ല. 25.44. ശതമാനം ആളുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വളരെ മോശമാണെന്ന് പറഞ്ഞപ്പോള്‍, 21.61 ശതമാനം പേര്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണ് എന്ന അഭിപ്രായക്കാരാണ്. 11.22 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ലതാണെന്നും 5.34 ശതമാനം പേര്‍ വളരെ നല്ലതാണെന്നും അഭിപ്രായപ്പെട്ടു.

മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ പ്രാതിനിധ്യം ഉറപ്പാക്കിയാണ് സര്‍വെ നടത്തിയത്. ആദ്യഘട്ട സര്‍വെയില്‍ 1138 പേരെയും ഓഗസ്റ്റ് 31 ന് നടത്തിയ സര്‍വെയില്‍ 1246 പേരുമാണ് പങ്കെടുത്തത്. സ്ട്രാറ്റിഫൈഡ് റാന്‍ഡം സാംപ്ലീങ്ങ് രീതിയാണ് ആദ്യ സര്‍വെയില്‍ അവലംബിച്ചത്. വോട്ടര്‍മാരെ വരുമാനം വിദ്യാഭ്യാസ യോഗ്യത ജാതി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതാണ് ഈ രീതി. ഓഗസ്റ്റ് 25, 31 തീയതികളിലായിരുന്നു സര്‍വെ. രണ്ടാം ഘട്ട സര്‍വെ റാന്‍ഡം സാമ്പിളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 40 ബൂത്തു പരിധികളിലാണ് നടത്തിയത്. ഒരു ബൂത്തില്‍നിന്ന് 40 പേരെ തിരഞ്ഞെടുത്തതായിരുന്നു രണ്ടാം ഘട്ട സര്‍വെ. സിപിഎമ്മിലെ കെ കെ ശൈലജ ടീച്ചര്‍ക്കാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. മട്ടന്നൂര്‍ മണ്ഡലത്തില്‍നിന്ന് 60,963 വോട്ടുകള്‍ക്കാണ് ശൈലജ ടീച്ചര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷവും ഇതിനടുത്ത് വരുമെന്നാണ് സര്‍വെ ഫലം പറയുന്നത്.

Chandy Oommen will win in puthupally with a huge majority according to The Fourth Survey

More Stories from this section

family-dental
witywide