
ന്യൂയോർക്ക് സിറ്റി: മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് പ്രതി നൽകിയ കത്തിൽ പതിഞ്ഞ വിരലടയാളം ഉപയോഗിച്ച് പൊലീസ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. ന്യൂയോർക്കിൽ ശനിയാഴ്ചയാണ് സൈക്കിളിൽ പോകുന്നതിനിടെ 9 വയസ്സുള്ള ഷാർലറ്റ് സേനയെ കാണാതായത്. നൂറുകണക്കിന് ആളുകൾ 48 മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പിന്നീട് വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് അയച്ച കത്ത് പരിശോധിച്ചപ്പോൾ ഇതിൽ നിന്നും ലഭിച്ച വിരലടയാളമാണ് പ്രതിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.
മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ സംബന്ധിച്ച ലിസ്റ്റിൽ നിന്നാണ് വിരലടയാളം വച്ച് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളുടെ അമ്മയുടെ ഉടമസ്ഥതയിൽ നിന്നുള്ള വീട്ടിൽ നിന്നും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തൊട്ടടുത്തുള്ള ക്യാബിനിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തതായി ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ക്രെയ്ഗ് നെൽസൺ റോസ് ജൂനിയർ (47) എന്ന ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹത്തെ ഇപ്പോഴും ചോദ്യം ചെയ്തു വരികയാണെന്നും പറഞ്ഞു ഗവർണർ പറഞ്ഞു. അന്വേഷണം ഇപ്പോഴും സജീവമാണെന്ന് പൊലീസ് വ്യക്തമാക്കി.
അൽബാനിയിൽ നിന്ന് 45 മൈൽ (72 കിലോമീറ്റർ) വടക്കുള്ള പ്രശസ്തമായ സ്ഥലമായ മൊറോ ലേക്ക് സ്റ്റേറ്റ് പാർക്കിലെ വനപ്രദേശത്ത് ശനിയാഴ്ച ക്യാപിങ്ങിനായി പോയതായിരുന്നു ഷാർലറ്റിന്റെ കുടുംബം.