‘തരം താഴ്ന്ന രാഷ്ട്രീയം’; കശ്മീർ ഫയൽസിന് അവാർഡ് കൊടുത്തതിനെതിരെ എം.കെ സ്റ്റാലിൻ

ചെന്നൈ: കശ്മീർ ഫയൽസിനു ദേശീയ പുരസ്കാരം നല്‍കിയതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വിവാദചിത്രത്തിന് ദേശീയോദ്ഗ്രഥന പുരസ്കാരം നൽകിയത് അദ്ഭുതപ്പെടുത്തി. തരംതാഴ്ന്ന രാഷ്ട്രീയ നേട്ടത്തിനായി ദേശീയ പുരസ്കാരത്തിന്റെ വിലകളയരുതെന്നും സ്റ്റാലിൻ പറഞ്ഞു. സിനിമ സാഹിത്യ പുരസ്കാരങ്ങളിൽ രാഷ്ട്രീയ ചായ്‌വ് പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീർ ഫയൽസിന്റെ പുരസ്കാരത്തെ വിമർശിച്ച സ്റ്റാലിൻ മറ്റ് പുരസ്കാര ജേതാക്കളെ അഭിനന്ദിക്കാനും മറന്നില്ല. പ്രത്യേകിച്ച് തമിഴ് സിനിമയ്ക്ക് സംഭാവന നൽകിയവരെയും അദ്ദേഹം അഭിനന്ദിച്ചു. അതാത് വിഭാഗങ്ങളിൽ അവാർഡ് നേടിയ ഗായിക ശ്രേയ ഘോഷാൽ, സംഗീതജ്ഞൻ ശ്രീകാന്ത് ദേവ എന്നിവരെയും ‘കടൈസി വിവസായി’, ‘സിർപിഗലിൻ സർപ്പങ്ങൾ’ എന്നിവയുടെ അണിയറപ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.

മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കശ്മീർ ഫയൽസിന് പുരസ്കാരം നൽകിയതിനെ പരിഹസിച്ചു. വാർത്ത പങ്കുവച്ചുകൊണ്ട് “ദേശീയ ഉദ്ഗ്രഥനം” എന്നെഴുതുകയും ഒപ്പം ചിരിക്കുന്ന ഒരു ഇമോജി ചേർക്കുകയും ചെയ്തായിരുന്നു ഒമറിന്റെ പരിഹാസം.