
നാരായൺപൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ ശനിയാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ കൊല്ലപ്പെടുത്തി. നാരായൺപൂർ ബിജെപി ജില്ലാ വൈസ് പ്രസിഡന്റും മണ്ഡലത്തിൽ സ്ഥാനാർത്ഥിയുമായ രത്തൻ ദുബെയാണ് കൊല്ലപ്പെട്ടത്.
“നവംബർ 7, 17 തീയതികളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രത്തൻ ദുബെയെ ഝരഘട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ കൗശൽനഗർ ഗ്രാമത്തിലെ മാർക്കറ്റിൽ, വൈകിട്ട് 5.30 ഓടെ മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്,” അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഹേമസാഗർ സിദാർ പറഞ്ഞു.
“പൊലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം നാരായൺപൂർ ടൗണിലെത്തിച്ചു. അജ്ഞാതരായ അക്രമികളെ കണ്ടെത്താൻ സുരക്ഷാ സേന പ്രദേശത്ത് ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലയിലെ നാരായൺപൂർ ജില്ലാ പഞ്ചായത്തിലെയും മാൽ വാഹൻ പരിവാഹൻ സംഘത്തിലെയും അംഗമായിരുന്നു ദുബെയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഒരു ദൃക്‌സാക്ഷി പറയുന്നതനുസരിച്ച്, ഒരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ രണ്ട് പേർ ആൾക്കൂട്ടത്തിൽ നിന്ന് ഇറങ്ങിവന്ന് പിന്നിൽ നിന്ന് അദ്ദേഹത്തിന്റെ തലയ്ക്ക് നേരെ ആക്രമിക്കുകയായിരുന്നു.
“ദുബെ തന്റെ കാറിനടുത്തേക്ക് ഓടിക്കയറി അകത്തേക്ക് കയറാൻ ശ്രമിച്ചു, എന്നാൽ കുറച്ച് ആളുകൾ അദ്ദേഹത്തെ വളഞ്ഞ് മൂർച്ചയുള്ള ആയുധങ്ങളാൽ ആക്രമിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി മാവോയിസ്റ്റുകൾ അടുത്തിടെ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. നവംബർ ഏഴിനും പതിനേഴിനുമായി രണ്ടു ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ ഏഴിന് തിരഞ്ഞെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിൽ നാരായൺപൂരും ഉൾപ്പെടുന്നു.