
തിരുവന്തപുരം: വ്യാജ തെരഞ്ഞടുപ്പ് തിരിച്ചറിയൽ കാർഡ് വിവാദത്തിൽ യൂത്ത് കോൺഗ്രസിനോട് വിശദീകരണം തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജൻമാർ വോട്ട് ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. പരാതി ശരിയാണെങ്കിൽ ഗൗരവകരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. രണ്ട് പരാതികൾ ഇതുമായി ബന്ധപ്പെട്ട് ലഭിച്ചു. അന്വേഷണത്തിന് ഡിജിപിക്ക് പരാതികൾ കൈമാറിയെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി.
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കിയാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജൻമാർ വോട്ട് ചെയ്തത്. പരാതിയിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നിരുന്നു. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കാൻ അതിന് ഉപയോഗിച്ച മൊബൈൽ ആപ്ലിക്കേഷനും മാതൃകാ വീഡിയോയും പരാതിക്കാർ എഐസിസിക്ക് കൈമാറി. രാഹുൽ ഗാന്ധിയുടെ തിരിച്ചറിയൽ കാർഡ് തയ്യാറാക്കുന്ന മാതൃക വീഡിയോ ഉൾപ്പെടെയാണ് പരാതിക്കാർ എഐസിസിയെ സമീപിച്ചത്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പോലീസ് മേധാവിക്ക് പരാതി നല്‍കി. രാജ്യദ്രോഹം പോലെ ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് നടന്നതെന്നും പിന്നില്‍ കോണ്‍ഗ്രസ് ഉന്നത നേതാക്കളുടെ ഇടപെടലുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് നിര്‍മ്മിച്ചത് പാലക്കാട് എംഎല്‍എയുടെ നേതൃത്വത്തിലാണ് എന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. കെ സുരേന്ദ്രന്‍ നല്‍കിയ പരാതി ഡിജിപി ക്രമസമാധനാ ചുമതലയുള്ള എഡിജിപിക്ക് കൈമമാറി.
വിഷയത്തില്‍ സിപിഎമ്മും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എ എ റഹീം എം.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷൻ സംഭവത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നാണ് ആവശ്യം. ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന സംഭവമാണിത്. വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയത് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും എഎ റഹീം ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസിന് എതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐയും രംഗത്തെത്തി. ‘യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഒന്നരലക്ഷത്തോളം വ്യാജ ഐഡി കാര്‍ഡുകളാണ് ഉണ്ടാക്കിയത്. ഇതിനെതിരെ ഡിജിപിക്ക് പരാതി നല്‍കും. വ്യാജമായി നിര്‍മിച്ച ഐഡി കാര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് മാത്രമല്ല ഉപയോഗിക്കുക. ഇത് രാജ്യദ്രോഹ പ്രവര്‍ത്തനമാണ്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കും’- ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. ഇതിനായി 22 കോടിയിലധികം ചെലവാക്കിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്. ഇത്രയും പണം പിരിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും മറുപടി പറയണം. പാലക്കാട്ടുനിന്നുള്ള ഒരു എംഎല്‍എയാണ് ഇതിന് നേതൃത്വം നല്‍കിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എംഎല്‍എ ഇത്തരമൊരു പ്രവൃത്തിക്ക് കൂട്ടുനിന്നു എന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു.














