‘എംഎല്‍എയ്ക്ക് നിങ്ങളെ കണ്ടപ്പോള്‍ കുറെ സംസാരിക്കാന്‍ തോന്നി’; കെ.കെ ശൈലജയുടെ പ്രസംഗത്തിന് നീളംകൂടി, വിമർശിച്ച് പിണറായി

കണ്ണൂർ: നവകേരള സദസ്സിലെ മട്ടന്നൂരിലെ വേദിയിൽ കെ കെ ശൈലജ കൂടുതൽ സമയം സംസാരിച്ചുവെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 21പേരാണ് നവകേരള സദസ്സിൽ ഉള്ളതെങ്കിലും 3പേര് സംസാരിക്കുകയെന്ന ക്രമമാണുള്ളത്. ശൈലജ കൂടുതല്‍ സമയം സംസാരിച്ചത് കൊണ്ട് മന്ത്രിമാര്‍ക്കും തനിക്കും സംസാരം ചുരുക്കേണ്ടി വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സ്ഥലം എംഎല്‍എയായ കെ.കെ.ശൈലജയായിരുന്നു മട്ടന്നൂരിലെ പരിപാടിയിലെ അധ്യക്ഷ. ഇവിടത്തെ ജനങ്ങളെ നിരന്തരം കാണുന്ന അധ്യക്ഷക്ക് കൂടുതൽ സംസാരിക്കണമെന്ന് തോന്നിപ്പോയി. ആ സമയം കൂടുതലായിപ്പോയി. അതുകൊണ്ട് ഇനിയുള്ള സമയം ചുരുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

“നവകേരള യാത്രയില്‍ ഞങ്ങള്‍ 21 പേരുണ്ടെങ്കിലും മൂന്ന് പേര്‍ സംസാരിക്കാനുള്ള ക്രമമാണ് വരുത്തിയിട്ടുള്ളത്. ആ ക്രമീകരണത്തിന്‍റെ കുറവ് ഇവിടെ വന്നു. നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അധ്യക്ഷയ്ക്ക് നിങ്ങളെ കണ്ടപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കണമെന്ന് തോന്നി. സമയം കുറച്ച് കൂടുതലായി പോയി എന്നാണ് തോന്നുന്നത്. ഇനിയുള്ള സമയം കുറച്ച് ചുരുക്കമാണ്. എല്ലായിടത്തും എത്തിപ്പെടേണ്ടതുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.

മട്ടന്നൂരിലെ പരിപാടി അത്ര വലിയ പരിപാടിയായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറയുകയുണ്ടായി.”സൗഹൃദ സംഭാഷണത്തിനിടെ ഭാസ്‌കരന്‍ മാഷ് എന്നോട് ചോദിച്ചു, എങ്ങനെയുണ്ട് പരിപാടിയെന്ന്. വലിയ പരിപാടിയാണെന്ന് ഞാന്‍ പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. വലിയ പരിപാടികളൊക്കെ കണ്ട് ഇപ്പോള്‍ ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്ന് ഞാന്‍ പറഞ്ഞു,” മുഖ്യമന്ത്രി പറഞ്ഞു.

Also Read