തിരുവനന്തപുരം: കേരളത്തില്‍ മന്ത്രിസഭ പുനഃസംഘടന നടത്താന്‍ പോകുന്നു വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ രണ്ടര വര്‍ഷം തികയ്ക്കുന്ന സാഹചര്യത്തില്‍ ഘടകകക്ഷികള്‍കക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ മന്ത്രിസഭയില്‍ മാറ്റങ്ങള്‍ ഉണ്ടാകും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കെ.ബി.ഗണേഷ്കുമാര്‍ മന്ത്രിയാകുമെന്ന സൂചനകളും ഉണ്ടായിരുന്നു. വീണ ജോര്‍ജ് സ്പീക്കര്‍ സ്ഥാനത്തേക്കും നിലവിലെ സ്പീക്കര്‍ എ.എം. ഷംസീര്‍ മന്ത്രിയാകുന്നു എന്നൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ആ വാര്‍ത്തകളെല്ലാം തള്ളുകയാണ് മുഖ്യമന്ത്രി. മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ച ഇതുവരെ എല്‍.ഡി.എഫില്‍ നടന്നിട്ടില്ല. ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള ശേഷി എല്‍.ഡി.എഫിനുണ്ട്. മറിച്ച് ഇതേകുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവും ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു.
നിങ്ങള്‍ ഒരു വാര്‍ത്ത സൃഷ്ടിക്കുന്നു, എന്നിട്ട് അതേ കുറിച്ച് തന്റെ മറുപടി തേടുന്നു. അത് നടക്കില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. മന്ത്രിസഭ പുനഃസംഘട ആവശ്യമെങ്കില്‍ അത് നടപ്പാക്കാനുള്ള ശേഷി എല്‍.ഡി.എഫിനുണ്ടെന്നും അപ്പോള്‍ അക്കാര്യങ്ങള്‍ പറയാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏഴ് മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണുന്നത്. പ്രത്യേകിച്ച് അതിന് കാരണങ്ങളൊന്നും ഇല്ലെന്നും ശബ്ദത്തിന് പ്രശ്നം ഉണ്ടായതുകൊണ്ടാണ് വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
നന്ദകുമാറിനെ കണ്ടിട്ടില്ല, ആവര്‍ത്തിച്ച് മുഖ്യമന്ത്രി
സരിതയുടെ കത്തുമായി ദല്ലാള്‍ നന്ദകുമാര്‍ പിണറായി വിജയനെ പലതവണ കണ്ടു എന്ന് പറഞ്ഞിരുന്നു. 2016ലെ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ആ കൂടിക്കാഴ്ചയെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. സരിതയുടെ കത്തുമായി ബന്ധപ്പെട്ട് സിബിഐ റിപ്പോര്‍ട്ടിലെ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നന്ദകുമാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പുറത്തുവന്നത്.
സരിതയുടെ കത്ത് തന്റെ കയ്യില്‍ കിട്ടിയെന്നും ആ കത്തുമായി പിണറായി വിജയനെയും വി.എസ്. അച്യുതാനന്ദനെയും കണ്ടുവെന്നും സരിതയുടെ കത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഗുണം ചെയ്തുവെന്നും നന്ദകുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അങ്ങനെയാരു നന്ദകുമാറുമായി താനൊരു ചര്‍ച്ചയും നടത്തിയിട്ടില്ല എന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്.
തന്നെ കാണാന്‍ വന്ന നന്ദകുമാറിനെ താന്‍ മുറിയില്‍ നിന്ന് ഇറക്കിവിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ആ സംഭവം കേരളാ ഹൗസില്‍ വെച്ചായിരുന്നുവെന്നും അതിന് ശേഷം പിണറായി വിജയനും താനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നുമായിരുന്നു നന്ദകുമാറിന്റെ വിശദീകരണം. പക്ഷെ, കേരളാ ഹൗസില്‍ നിന്ന് ഇറക്കിവിട്ട ആളുമായി വീണ്ടും താന്‍ ചര്‍ച്ച നടത്തിയെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. നന്ദകുമാറിന്റെ അവകാശവാദം പൂര്‍ണമായും മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്ത സമ്മേളനത്തിലൂടെ തള്ളിക്കളയുകയായിരുന്നു.
തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് തൊട്ടടുത്തുള്ള ഫ്ളാറ്റില്‍ വെച്ച് പിണറായി വിജയനെ കണ്ടു എന്നായിരുന്നു നന്ദകുമാര്‍ പറഞ്ഞതെങ്കില്‍ അങ്ങനെയാരു കൂടിക്കാഴ്ചയേ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കുന്നു. ഏതായാലും ഇക്കാര്യത്തില്‍ വിവാദങ്ങള്‍ തുടരുമെന്ന് ഉറപ്പ്.
Chief Minister Pinarayi Vijayan said that the cabinet reorganization talks are a media creation