
മുര്‍ഷിദാബാദ്, പശ്ചിമ ബംഗാള്‍: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സ്‌പെയിനില്‍ പോയതിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി. ‘ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സാധാരണക്കാരോടുള്ള സര്‍ക്കാരിന്റെ അവഗണനയാണ്. അവര്‍ക്ക് സ്‌പെയിനിലേക്ക് പോകാം, പക്ഷേ ഇവിടുത്തെ ജനങ്ങളുടെ പെയിന്‍ മനസ്സിലാക്കാന്‍ കഴിയില്ലെന്നും രഞ്ജന്‍ ചൗധരി വിമര്‍ശിച്ചു.
മുര്‍ഷിദാബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. സ്‌പെയിനിലെ ആഡംബര ഹോട്ടലില്‍ മുഖ്യമന്ത്രി താമസിച്ചതിനേയും ആധിര്‍ രഞ്ജന്‍ കുറ്റപ്പെടുത്തി. ‘മുഖ്യമന്ത്രി ശമ്പളം വാങ്ങുന്നില്ലെന്ന് കേട്ടിട്ടുണ്ട്. പുസ്തകങ്ങളുടെയും പെയിന്റിംഗുകളുടേയും വില്‍പ്പനയില്‍ നിന്നാണ് പണമുണ്ടാക്കുന്നതെന്നും അറിയാം. അങ്ങനെയെങ്കില്‍ മാഡ്രിഡിലെ ഒരു ഹോട്ടലില്‍ പ്രതിദിനം മൂന്ന് ലക്ഷം രൂപ എങ്ങനെ ചെലവഴിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.
മമതയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തെ ആഡംബര യാത്ര എന്ന് കുറ്റപ്പെടുത്തിയ അധീര്‍ രഞ്ജന്‍ ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും പറഞ്ഞു. ബിസ്വ-ബംഗ്ലാ വ്യവസായ മീറ്റില്‍ നിങ്ങള്‍ ചെലവഴിച്ചതിന്റെ പത്ത് ശതമാനം തിരികെ ലഭിച്ചിരുന്നെങ്കില്‍, ബംഗാളില്‍ ലക്ഷക്കണക്കിന് തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കുമായിരുന്നു. ഏതൊക്കെ സ്പാനിഷ് കമ്പനികളാണ് ബംഗാളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ പാര്‍ലമെന്റ് പാസാക്കിയതിക്കുറിച്ച്, നിലവില്‍ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളെ വ്യതിചലിപ്പിക്കാനാണ് ഇങ്ങനൊരു ബില്‍ കൊണ്ടുവരുന്നതെന്ന് അധീര്‍ രഞ്ജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് മോദി സര്‍ക്കാര്‍ പുതിയ വിഷയങ്ങള്‍ സൃഷ്ടിക്കുന്നു. ചില സമയങ്ങളില്‍ വനിതാ സംവരണ ബില്‍, ചില സമയങ്ങളില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. നമ്മുടെ രാജ്യത്ത് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നടപ്പിലാക്കുക എളുപ്പമല്ല. മോദിക്ക് ഇതറിയാം, എല്ലാവര്‍ക്കും അറിയാം. ഇന്നത്തെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യേണ്ടതാണ് പ്രധാനം. എന്നാല്‍ മോദി ശ്രമിക്കുന്നത് ജനങ്ങളെ അവരുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.