
ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള സദസിന്റെ ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗസ് പ്രതിഷേധക്കാരെ മര്‍ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. സെക്യൂരിറ്റി ഓഫീസര്‍ സന്ദീപാണ് രണ്ടാം പ്രതി. കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് മറ്റ് മൂന്ന് പ്രതികള്‍. ആകെ അഞ്ച് പ്രതികളാണ് കേസിലുള്ളത്
മര്‍ദ്ദനമേറ്റ കെഎസ്യു ജില്ലാ പ്രസിഡന്റ് എഡി തോമസും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഐപിസി 294 ബി, 326,324 പ്രകാരം കേസെടുക്കണമെന്നാണ് ഹര്‍ജി.
ഇതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. സംഭവത്തില്‍ മര്‍ദ്ദനമേറ്റവരുടെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഇവരോട് തെളിവുകള്‍ ഹാജരാക്കാനും ആവശ്യപ്പെടും. ഇതിന് ശേഷമാകും പ്രതികള്‍ക്ക് നോട്ടീസ് നല്‍കുക.
ഈ മാസം 16ന് ആലപ്പുഴ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് പോകുമ്പോള്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ മുദ്രാവാക്യം മുഴക്കിയ ഇരുവരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ റോഡരികിലേക്ക് മാറ്റിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്ന് ഗണ്‍മാനും സെക്യൂരിറ്റി ഓഫീസറും ലാത്തിയുമായി ചാടിയിറങ്ങി മര്‍ദ്ദിക്കുകയാണ് ഉണ്ടായത്. തോമസിന്റെ തലപൊട്ടുകയും അജയ് ജ്യുവലിന്റെ കൈ ഒടിയുകയും ചെയ്തു.