കാമുകിയെ ഭീഷണിപ്പെടുത്തി; ഭർത്താവ് ഭാര്യയെ സയനൈഡ് നൽകി കൊന്നു

ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ ഭർത്താവ് ഭാര്യയെ ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തി. ദേവവൃന്ദ ഗ്രാമത്തിലാണ് സംഭവം നടന്നത്. വി.എൻ ദർശൻ എന്നയാളാണ് ഭാര്യ ശ്വേത(31)യെ കൊലപ്പെടുത്തിയത്. ദർശന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

ഏഴു വർഷം മുമ്പാണ് ദർശനും ശ്വേതയും വിവാഹിതരായത്. ഇരുവർക്കും നാലു വയസുള്ള ഒരു മകനുണ്ട്. ബെംഗളൂരുവിൽ ഒരു ഡയഗ്നോസ്റ്റിക് സെന്റർ നടത്തുകയാണ് ദർശൻ. ദർശനു സഹപ്രവർത്തകയുമായുള്ള പ്രണയ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ശ്വേതയുടെ കുടുംബാംഗങ്ങൾ പറയുന്നത്.

ബന്ധത്തെക്കുറിച്ച് അറിഞ്ഞ ശ്വേത ദർശന്റെ കാമുകിയ വിളിച്ച് ഭർത്താവുമായുള്ള ബന്ധം തുടരരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ രോഷാകുലനായ പ്രതി ശ്വേതയെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. ഇയാൾ റാഗി ബോളിൽ സയനൈഡ് ചേർത്തു ശ്വേതയ്ക്ക് നൽകി. ഇതു കഴിച്ചാണ് ശ്വേത മരിച്ചത്.

തങ്ങൾ എത്തുന്നതിനു മുമ്പ് മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ചതാണ് ശ്വേതയുടെ മാതാപിതാക്കളിൽ സംശയമുണർത്താൻ ഇടയായത്. കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിക്കാൻ ദർശൻ ആദ്യം ശ്രമിച്ചു. ഭാര്യ സ്വയം സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ച് ജീവനൊടുക്കിയതാണെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. പിന്നീട്, ശ്വേതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി ദർശൻ പറഞ്ഞു.

ശ്വേതയെ ദർശൻ കൊലപ്പെടുത്തിയതാണെന്ന മാതാപിതാക്കൾ സംശയിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം ഹൃദയാഘാതമല്ലെന്ന് സ്ഥിരീകരിച്ചു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ദർശൻ കുറ്റം സമ്മതിച്ചത്.

More Stories from this section

family-dental
witywide