
കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് രണ്ടു പേർ കസ്റ്റഡിയിൽ. തട്ടിക്കൊണ്ടു പോയ വാഹനവുമായി ബന്ധമുണ്ടെന്നു കരുതുന്നവരെയാണ് ചോദ്യം ചെയ്യുന്നത്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഇവരുടെ പങ്ക് സ്ഥിരീകരിച്ചിട്ടില്ല. ശ്രീകണ്ഠേശ്വരത്തു നിന്നാണ് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കാർ വാഷിംഗ് സെൻ്റർ ജീവനക്കാരായ രണ്ടുപേരെയാണ് കസ്റ്റഡിയിൽ എടുത്തത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം ഹോണ്ട അമേസ് ആണെന്നും അല്ല മാരുതി സ്വിഫ്ട് ഡിസൈർ കാർ ആണെന്നും പറയപ്പെടുന്നു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച KL 01 3176 എന്ന വാഹനം കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്. അതിനിടെ വാഹനത്തിൻ്റെ നമ്പർ വ്യാജമാണ് എന്ന വാർത്തയും പുറത്തു വരുന്നുണ്ടായിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു. കൊല്ലം- തിരുവനന്തപുരം ജില്ലാ അതിർത്തി കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. അധികദൂരം കുട്ടിയുമായി പോകാൻ സാധ്യതയില്ലെന്നും ജില്ലയ്ക്കുള്ളിൽ വ്യാപക പരിശോധന നടത്തുകയാണെന്നും പൊലീസ് പറയുന്നു. എല്ലാ ജില്ലകളിലും പരിശോധന നടത്താനാണ് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദേശം. ഇതുപ്രകാരം 14 ജില്ലകളിലും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുക : 112 , 9946923282, 9495578999
Child Abduction case: 2 in police custody