
കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് ഇപ്പോള്‍ തന്നെ ഉന്നം വെക്കുകയാണെന്ന് കുട്ടിയുടെ അച്ഛന്‍ റെജി. ‘പൊലീസ് തന്നെ ഉന്നം വയ്ക്കുന്നു. തെറ്റ് ചെയ്യാത്തത് കൊണ്ട് അറസ്റ്റിനെ ഭയക്കുന്നില്ല. തന്റെ എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഒഇടി, നഴ്‌സിങ് റിക്രൂട്‌മെന്റ് എന്നിവയില്‍ ഒരു പങ്കുമില്ല എന്നും റജി പറഞ്ഞു.
സംഘടനയെയും സുഹൃത്തുക്കളെയും പോലീസ് ഈ കേസിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും റെജി ആരോപിച്ചു. തന്നെ ഉന്നം വയ്ക്കാനാണ് പോലീസിന്റെ ഉദ്ദേശമെങ്കില്‍ കുടുംബസഹിതം പൊലീസ് സ്റ്റേഷനില്‍ വന്ന് കുത്തിയിരിക്കുമെന്നും റെജി പറഞ്ഞു. കേസില്‍ ഇതുവരെ പോലീസ് നടത്തിയ അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. പ്രതിയെ കണ്ടെത്താന്‍ ആകാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ്‌കേടാണ്. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും റജി പറഞ്ഞു.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയത് മനുഷ്യക്കടത്തു സംഘമല്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. പിന്നില്‍ കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും വൈരുധ്യങ്ങളും ബലപ്പെടുന്നതിന്റെ ഭാഗമായി കുട്ടിയുടെ അച്ഛന്‍ റെജിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. നേരത്തെ പത്തനംതിട്ടയില്‍ റെജി താമസിച്ചിരുന്ന ഫ്ളാറ്റില്‍ പൊലീസ് പരിശോധന നടത്തുകയും ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
റജി അംഗമായ സംഘടനായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് മൊഴി എടുക്കുന്നത് പോലീസ് തുടരും. സംഘടനയുമായി ബന്ധപ്പെട്ട എന്തെങ്കിലും തര്‍ക്കങ്ങള്‍ തട്ടിക്കൊണ്ട് പോകാന്‍ കാരണമായോ എന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം കണ്ടെത്താന്‍ പൊലീസിന് ഇപ്പോഴും സാധിച്ചിട്ടില്ല.