
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് നവംബര്‍ 27ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേല്‍ സാറ റെജി ആശുപത്രി വിട്ടു. കുട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമാണ്. പരിശോധനകളും കൗണ്‍സിലിംഗും കഴിഞ്ഞ ദിവസം തന്നെ പൂര്‍ത്തിയായിരുന്നു. കുട്ടി ആരോഗ്യവതിയാണെന്നും മാനസിക സമ്മര്‍ദ്ദമോ ആഘാതമോ കുഞ്ഞിന് ഇല്ലെന്ന് കൗണ്‍സിലിംഗിന് ശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
കുട്ടി ആരോഗ്യവതിയായിരുന്നുവെങ്കിലും പോലീസ് കൂടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്യാതിരുന്നത്.
വീട്ടിലേക്ക് പോയാല്‍ ആളുകളുടെ തിരക്കുണ്ടാവുമെന്നതിനാല്‍ കുട്ടിയുടെ മൊഴിയെടുക്കുമെന്നത് ബുദ്ധിമുട്ടാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു. വീട്ടില്‍ പോകണമെന്ന് അബിഗേല്‍ ആവശ്യപ്പെട്ടിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം രണ്ടാം ദിവസമാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം നടന്നിട്ട് ആറു ദിവസം പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളുടെ സഞ്ചാരപാത കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പ്രതികള്‍ സഞ്ചരിച്ച ഒരു വെള്ളകാര്‍ മാത്രമാണ് ഇപ്പോഴും അന്വേഷണ സംഘത്തിനു മുന്നിലെ പിടിവള്ളി. സിസിടിവി ദൃശ്യം വഴി അന്വേഷണം നടക്കാനിടയുള്ളതിനാല്‍ വഴി തെറ്റിച്ച് പല സ്ഥലങ്ങളിലൂടെ മാറിമാറി സംഘം പോയതായും സംശയമുണ്ട്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ആരാണെന്നും എന്താണ് ലക്ഷ്യമെന്നും ഇപ്പോഴും അജ്ഞാതമായി തുടരുന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുകയാണ്.