
‘ദൈവത്തിന് നടുവില്‍ ദാരിദ്ര്യം… വിളക്കില്‍ നിന്ന് എണ്ണ എടുക്കാന്‍ ദാരിദ്ര്യം ഒരാളെ പ്രേരിപ്പിക്കുന്നിടത്ത് ആഘോഷത്തിന്റെ വെളിച്ചം മങ്ങുന്നു. ഘാട്ടുകള്‍ മാത്രമല്ല, പാവപ്പെട്ടവരുടെ ഓരോ വീടും പ്രകാശിക്കുന്ന ഉത്സവം കൂടി ഉണ്ടാകണം’. അയോധ്യയില്‍ ദീപാവലിയാഘോഷങ്ങള്‍ക്ക്ു പിന്നാലെ സമാജ്‌വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എക്സില്‍ കുറിച്ച ഈ വാക്കുകള് വൈറലാവുകയാണ്.
ദീപോത്സവത്തിന് ശേഷം മണ്‍ചിരാതുകളില്‍ നിന്ന് വീട്ടിലേക്കുള്ള എണ്ണ ശേഖരിക്കുന്ന കുട്ടികളുടെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് അഖിലേഷ് യാദവ് ഈ വാക്കുകള്‍ കുറിച്ചത്. അയോധ്യ നഗരത്തിലെ 51 ഇടങ്ങളിലായി 22 ലക്ഷത്തിലധികം ദീപങ്ങളാണ് ദീപാവലിയോട് അനുബന്ധിച്ച് തെളിയിച്ചത്. അയോദ്ധ്യയിലെ ദീപോത്സവം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയതിനൊപ്പം തന്നെ സ്വന്തം റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തിരുന്നു.
ചടങ്ങില്‍ ലോകറെക്കോഡ് പ്രഖ്യാപനവുമുണ്ടായി. സാംസ്‌കാരികപരിപാടികളും സര്‍ക്കാര്‍ സംഘടിപ്പിച്ചു. 50 രാജ്യങ്ങളില്‍നിന്നുള്ള അതിഥികള്‍ ചടങ്ങിനെത്തി. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം ആഘോഷങ്ങളുടെ മാറ്റ് കുറയ്ക്കുന്ന കാഴ്ചയായിരുന്നു കുട്ടികള്‍ എണ്ണ ശേഖരിക്കുന്ന വീഡിയോ.