
ബെയ്ജിങ്: പൊതുവേദിയില്‍നിന്ന് രണ്ടു മാസത്തോളമായി വിട്ടുനിന്നിരുന്ന ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ സ്ഥാനത്തുനിന്നും മാറ്റി. ചൈനീസ് പ്രതിരോധ മന്ത്രാലയ ഓഫീസില്‍നിന്ന് ലീയെ നീക്കം ചെയ്തുവെന്ന് ദ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷീ ജിന്‍ പിങ് മൂന്നാമതും പ്രസിഡന്റായതിന് ശേഷം സ്ഥാനം നഷ്ടമാകുന്ന രണ്ടാമത്തെ പ്രമുഖനാണ് ലി. കഴിഞ്ഞ ജുലൈയില്‍ വിദേശ കാര്യമന്ത്രി ക്വിന്‍ ഗാങിനെ സ്ഥാനം മാറ്റിയിരുന്നു. അതേസമയം പുതിയ പ്രതിരോധ മന്ത്രിയെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ചിലാണ് 65കാരനായ ലീ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്.
രണ്ടുമാസത്തോളമായി പൊതുവേദികളിലൊന്നും പ്രതിരോധ മന്ത്രിയായിരുന്ന ലി ഷാങ്ഫുവിനെ കാണാനുണ്ടായിരുന്നില്ല. ആഗസ്റ്റ് 29ന് ആഫ്രിക്കന്‍ രാജ്യങ്ങളുടെ പരിപാടിയിലാണ് ലി ഷാങ്ഫു അവസാനമായി പങ്കെടുത്തത്. അതിനുശേഷം ലി ഷാങ്ഫുവിനെ പൊതുവേദിയില്‍ കണ്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് വിഷയം സാമൂഹിക മാധ്യമങ്ങളിലും പശ്ചാത്യമാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. ഉന്നതരെ കാണാതാകുന്ന രീതി ഏറെക്കാലമായി ചൈനയില്‍ നിലവിലുണ്ട്.
അതേസമയം അഴിമതിയാരോപണത്തെതുടര്‍ന്ന് ലി ഷാങ്ഫു അന്വേഷണം നേരിടുകയാണെന്നും മന്ത്രിസ്ഥാനത്തുനിന്നും അധികം വൈകാതെ നീക്കം ചെയ്യുമെന്നും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് ശരി വെക്കുന്ന വിധത്തില്‍ ലി ഷാങ്ഫുവിനെ സ്ഥാനത്തുനിന്നും മാറ്റിയത്.
നേരത്തെ വിദേശകാര്യമന്ത്രി ചിന്‍ ഗാങ്ങിനെ ഒരു മാസത്തോളം കാണാതായിരുന്നു. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ വിശ്വസ്തന്‍ കൂടിയായിരുന്ന ചിന്‍ ഗാങ്ങിനെ പിന്നീട് മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയെന്ന വാര്‍ത്തയാണ് വന്നത്. എന്നാല്‍ പുറത്താക്കലിന് പിന്നിലെ കാരണമെന്താണെന്നത് സംബന്ധിച്ച യാതൊരു സ്ഥിരീകരണവുമുണ്ടായിരുന്നില്ല. ഇതിനുപിന്നാലെയാണിപ്പോള്‍ പ്രതിരോധ മന്ത്രിയായ ലി ഷാങ്ഫുവിനും ചിന്‍ ഗാങ്ങിന്‍രെ അതെ അവസ്ഥയുണ്ടായിരിക്കുന്നത്.